പശ്ചിമേഷ്യയിൽ കപ്പലുകൾക്ക് നേരെ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു, ഷിപ്പിങ് മന്ത്രാലയം സുരക്ഷാ മാർഗരേഖ പുറത്തിറക്കി
പശ്ചിമേഷ്യൻ തീരത്തുണ്ടായ വിവിധ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര കപ്പൽഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലായി വിദേശ കപ്പലുകൾക്ക് നേരെയുണ്ടായ നാല് ആക്രമണങ്ങളിലാണ് നാവികർക്ക് ജീവൻ നഷ്ടമായത്. ഒരു നാവികന് പരിക്കേറ്റിട്ടുണ്ട്. കപ്പലുകളിലുണ്ടായിരുന്ന മറ്റുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ പ്രധാന സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന നാവികർക്കായി ഷിപ്പിങ് ഡയറക്ടർ ജനറൽ അടിയന്തര സുരക്ഷാ മാർഗരേഖ പുറത്തിറക്കി.
യാത്രാവേളയിൽ അതീവ ജാഗ്രത പുലർത്തണമെന്നും അപകടസാധ്യതകൾ വിലയിരുത്തി മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും മാർഗരേഖയിൽ നിർദ്ദേശിക്കുന്നു. സുരക്ഷാ ഏജൻസികളുമായി നിരന്തരം ആശയവിനിമയം ഉറപ്പാക്കണം. ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ സാഹചര്യമുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമേ അപകടമേഖലകളിലേക്ക് കപ്പലുകൾ പ്രവേശിക്കാവൂ എന്നും ജീവനക്കാരെ നിയോഗിക്കുമ്പോൾ ഷിപ്പിങ് കമ്പനികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. മരിച്ച നാവികരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും.
അതേസമയം, ഇറാനിൽ കഴിയുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാനും വാർത്തകൾ നിരീക്ഷിക്കാനും എംബസി അറിയിച്ചു. ടെഹ്‌റാനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ഖോം ഉൾപ്പെടെയുള്ള സുക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ താമസം, ഭക്ഷണം, യാത്ര എന്നിവയ്ക്കുള്ള സൗകര്യങ്ങൾ എംബസി നേരിട്ട് ഒരുക്കി. എന്നാൽ ടെഹ്‌റാനിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ തുടരാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
