അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും അടച്ച് ഓസ്ട്രേലിയ
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും അടച്ച് ഓസ്ട്രേലിയ. ഇസ്രയേലിലെ എംബസിയും ഓസ്ട്രേലിയ അടച്ചു. മധ്യപൂർവ മേഖലയിൽ ഓസ്ട്രേലിയൻ എംബസിയും കോൺസുലേറ്റും സ്ഥിതി ചെയ്യുന്ന 9 പട്ടണങ്ങൾ ഇതിനോടകം വ്യോമാക്രമണം നേരിട്ടതായി വിദേശകാര്യമന്ത്രി പെന്നി വോങ് പറഞ്ഞു. ഇതിനോടകം 3200 ഓസ്ട്രേലിയൻ പൗരന്മാർ മിഡിൽ ഈസ്റ്റിൽ നിന്നു മടങ്ങിയെത്തി. യുദ്ധം തുടങ്ങുമ്പോൾ ഈ മേഖലയിൽ 1.15 ലക്ഷം ഓസ്ട്രേലിയൻ പൗരന്മാരുണ്ടായിരുന്നുവെന്നും വിദേശമന്ത്രി അറിയിച്ചു.സംഘർഷം തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡമീർ പുടിൻ വീണ്ടും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ സംഘർഷാവസ്ഥയാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നത്. മേഖലയിൽ അസമാധാനം പടരുന്നതിൽ റഷ്യയുടെ ആശങ്ക പ്രസിഡന്റ് പുടിൻ ഷെയ്ഖ് മുഹമ്മദുമായി പങ്കുവച്ചു.
ഗൾഫിലെ യുഎസ് സേനാ താവളങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന ഇറാന്റെ വാദം പച്ചക്കള്ളമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. വന്നു വീഴുന്ന മിസൈലുകളുടെയും ഡ്രോണുകളുടെയും ലക്ഷ്യം ഇറാൻ വാദങ്ങളുടെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നത്. ഈ യുദ്ധത്തിൽ ഒരു പങ്കുമില്ലാത്ത സാധാരണക്കാരുടെ മേലാണ് ഇവർ ആക്രമണം നടത്തുന്നത്. ഈ അതിക്രമത്തെ ചെറുക്കാൻ സൈന്യത്തിനു ശക്തി നൽകുന്ന ദൈവത്തിനു നന്ദി പറയുന്നുവെന്നും ഡോ. ഗർഗാഷ് പ്രസ്താവനയിൽ പറഞ്ഞു.
