ബഹ്‌റൈനിൽ റോഡരികുകളിൽ ഓട്ടോമാറ്റിക് കൂളിങ്ങും കാർ വാഷ് സ്റ്റേഷനുകളും വരുന്നു

  1. Home
  2. International

ബഹ്‌റൈനിൽ റോഡരികുകളിൽ ഓട്ടോമാറ്റിക് കൂളിങ്ങും കാർ വാഷ് സ്റ്റേഷനുകളും വരുന്നു

bahrain


അതീവ ചൂടും പൊടിക്കാറ്റും രൂക്ഷമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾ അമിതമായി ചൂടായി അപകടങ്ങൾ ഉണ്ടാകുന്നത് തടയാൻ ബഹ്‌റൈനിൽ ഓട്ടോമാറ്റിക് കൂളിങ്, കാർ വാഷ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ നീക്കം. വാഹന ഉടമകളുടെ അഭ്യർത്ഥനയെ തുടർന്ന് അധികൃതർ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.

സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ഹൈവേകളിലും പെട്രോൾ പമ്പുകളിലും പ്രധാന കേന്ദ്രങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുകയെന്ന് സൗത്ത് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് വ്യക്തമാക്കി. യാത്രക്കാർക്ക് കാറിനുള്ളിൽ നിന്ന് തന്നെ ചെറിയ ഫീസ് നൽകി സേവനം ലഭ്യമാകുന്ന രീതിയിലാണ് ഇത് ക്രമീകരിക്കുന്നത്.

വെള്ളം പൂർണ്ണമായും പുനരുപയോഗിക്കാൻ സാധിക്കുന്ന വിധം അത്യാധുനിക ഫിൽട്ടറേഷൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന ജലം കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. വിവിധ മന്ത്രാലയങ്ങളുടെ അനുമതികൾ ലഭിക്കുന്നതോടെ വേനൽക്കാലത്തെ പുതിയൊരു ബിസിനസ് സാധ്യതയാക്കി മാറ്റാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പാർലമെന്റ് സാമ്പത്തിക കാര്യ സമിതി ചെയർമാൻ എം.പി അഹമ്മദ് അൽ സല്ലൂമും പ്രതികരിച്ചു.