ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ബഹ്‌റൈനും ഫ്രാൻസും; സിവിലിയൻ ആണവോർജ്ജ കരാറിൽ ഒപ്പുവെച്ചു

  1. Home
  2. International

ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ബഹ്‌റൈനും ഫ്രാൻസും; സിവിലിയൻ ആണവോർജ്ജ കരാറിൽ ഒപ്പുവെച്ചു

bahrain


ബഹ്‌റൈനും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള സിവിലിയൻ ആണവോർജ്ജ സഹകരണ കരാറിൽ ഒപ്പുവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക ബഹ്‌റൈൻ സന്ദർശന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് നിർണായക കരാറുകൾ യാഥാർത്ഥ്യമായത്.

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷാങ് നോയൽ ബാരോട്ടുമാണ് ഔദ്യോഗികമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സിവിലിയൻ ആണവ പദ്ധതിക്കാവശ്യമായ വൈദഗ്ധ്യവും ശേഷിയും പ്രത്യേക പരിശീലനങ്ങളിലൂടെ വികസിപ്പിച്ചെടുക്കാൻ ഈ കരാർ സഹായിക്കും. നിക്ഷേപം, സാമ്പത്തികം, രാഷ്ട്രീയം, പ്രതിരോധം, സുസ്ഥിര വികസനം, ആധുനിക സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ബഹ്‌റൈന്റെ പരമോന്നത രാജകീയ ബഹുമതിയായ ‘കോളർ ഓഫ് ദി ഓർഡർ ഓഫ് ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ - എക്‌സെപ്ഷണൽ ക്ലാസ്’ ബഹ്‌റൈൻ രാജാവ് സമ്മാനിച്ചു. ജി.സി.സി റെയിൽവേ പദ്ധതി, അലുമിനിയം ബഹ്‌റൈൻ (അൽബ) ഉൾപ്പെടെയുള്ള വ്യവസായ മേഖലകളിലെ സംയുക്ത പദ്ധതികൾ എന്നിവയും ചർച്ചയിൽ ഇടംപിടിച്ചു. പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിലും ഫലസ്തീൻ വിഷയത്തിലും ഫ്രാൻസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബഹ്‌റൈൻ വ്യക്തമാക്കിയിട്ടുണ്ട്.