ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിൽ വീണ്ടും 'മറാഇ' മേള; അഞ്ച് ദിവസത്തെ പ്രദർശനം 11 മുതൽ
ബഹ്‌റൈന്റെ പ്രമുഖ കാർഷിക-മൃഗസംരക്ഷണ മാമാങ്കമായ 'മറാഇ'യുടെ പുതിയ എഡിഷൻ നവംബർ 11 മുതൽ 15 വരെ അരങ്ങേറും. ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ വിപുലമായ പരിപാടികളാണ് പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.
ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിൽ നടക്കുന്ന പ്രദർശനത്തിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വഈൽ ആൽ മുബാറക് അറിയിച്ചു. രാജ്യത്ത് നടപ്പിലാക്കുന്ന സുസ്ഥിര കാർഷിക-മൃഗസംരക്ഷണ വികസന പദ്ധതികളുടെ പ്രതിഫലനമാണ് ഈ പ്രദർശനമെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക കൃഷിരീതികളും പുതിയ സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനൊപ്പം കർഷകർക്കും നിക്ഷേപകർക്കും പരസ്പരം സംവദിക്കാനുള്ള വേദിയായും ഇത് മാറും.
കുതിരകൾ, ഒട്ടകങ്ങൾ, വേട്ടനായ്ക്കൾ, പരുന്തുകൾ തുടങ്ങിയ പരമ്പരാഗത മൃഗങ്ങൾക്ക് പുറമെ അപൂർവയിനം വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വിപുലമായ പ്രദർശനം ഇത്തവണ ഒരുക്കിയിട്ടുണ്ട്. ബഹ്‌റൈനിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് സന്ദർശകരെയാണ് ഇത്തവണയും സംഘാടകർ പ്രതീക്ഷിക്കുന്നത്.
