സോഷ്യൽ മീഡിയയിലെ എ.ഐ. ദുരുപയോഗത്തിനെതിരെ കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ബഹ്‌റൈൻ
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തിഗത ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്‌റൈൻ. രാജ്യത്തെ ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റാണ് സൈബർ സുരക്ഷ മുൻനിർത്തി ഈ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
സോഷ്യൽ മീഡിയകളിൽ പങ്കുവെക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും മോർഫിങ് ഉൾപ്പെടെയുള്ള അത്യാധുനിക എ.ഐ. സാങ്കേതികവിദ്യകൾ വഴി യാഥാർത്ഥ്യത്തെ പൂർണ്ണമായി വികലമാക്കുന്ന രീതിയിൽ മാറ്റം വരുത്തരുതെന്ന് അധികൃതർ കർശനമായി നിർദ്ദേശിച്ചു. ഡിജിറ്റൽ യുഗത്തിൽ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
സൈബർ നിയമങ്ങൾ കാറ്റിൽപ്പറത്തി എ.ഐ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വ്യാജ വിവരങ്ങളും ദൃശ്യങ്ങളും നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സൈബർ സുരക്ഷാ വിഭാഗം ഓർമ്മിപ്പിച്ചു.
