സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് സ്മാർട്ട് ഐ.ഡി കാർഡ് നിർബന്ധമാക്കി ബഹ്‌റൈൻ

  1. Home
  2. International

സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് സ്മാർട്ട് ഐ.ഡി കാർഡ് നിർബന്ധമാക്കി ബഹ്‌റൈൻ

id


ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനായി എല്ലാ രോഗികളും സന്ദർശകരും സാധുവായ സ്മാർട്ട് ഐ.ഡി കാർഡ് ഹാജരാക്കണമെന്ന് അധികൃതർ നിർബന്ധമാക്കി. ഭൗതികമായ സ്മാർട്ട് ഐഡി കാർഡോ അല്ലെങ്കിൽ ‘മൈഗവ്’ (myGov) ആപ്പ് വഴിയുള്ള ഡിജിറ്റൽ പതിപ്പോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് സർക്കാർ ആശുപത്രി അധികൃതർ ഈ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

രോഗികളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കുക, രജിസ്‌ട്രേഷൻ കൂടുതൽ കുറ്റമറ്റതാക്കുക, രാജ്യത്തിന്റെ ഡിജിറ്റൽ പുരോഗതിക്ക് പിന്തുണ നൽകുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. അപ്പോയിന്റ്‌മെന്റുകൾക്കായി എത്തുന്നതിന് മുൻപ് സ്മാർട്ട് ഐഡി കൈയിലുണ്ടെന്ന് രോഗികൾ ഉറപ്പാക്കണം. ഇത് വഴി രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും.

സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കാൻ കഴിയാത്തവർക്ക്, ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതുവരെ അത്യാഹിതേതര (Non-emergency) ചികിത്സകൾ ലഭിച്ചേക്കില്ല. എന്നാൽ, അത്യാഹിത വിഭാഗത്തിൽ എത്തുന്ന ജീവൻരക്ഷാ കേസുകൾക്ക് ഈ നിയമം ബാധകമല്ലെന്നും ചികിത്സകൾ തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.