ബഹ്‌റൈനിൽ ഇനി 'വാർ റിസ്ക്' ഇൻഷുറൻസും; യുദ്ധക്കെടുതികളിൽ നിന്ന് സ്വത്തുക്കൾക്ക് സുരക്ഷ ഉറപ്പാക്കാം
മേഖലയിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്‌റൈനിലെ ഇൻഷുറൻസ് കമ്പനികൾ ആദ്യമായി 'വാർ റിസ്ക്' (War Risk) ഇൻഷുറൻസ് പരിരക്ഷകൾ അവതരിപ്പിച്ചു. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മൂലമോ അവ പ്രതിരോധിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ (Debris) മൂലമോ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഈ ഇൻഷുറൻസ് വഴി പരിരക്ഷ ലഭിക്കും.
വൻകിട കെട്ടിടങ്ങൾ, തന്ത്രപ്രധാനമായ വ്യവസായങ്ങൾ, നിർമ്മാണ പദ്ധതികൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്ക് പുറമെ സാധാരണ വീടുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കും ഈ സുരക്ഷാ കവറേജ് ലഭ്യമാണ്. യുദ്ധം, അട്ടിമറി, ഭീകരാക്രമണം, ആഭ്യന്തര കലാപം തുടങ്ങിയവ മൂലം സ്വത്തുക്കൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇനി ഇൻഷുറൻസ് ക്ലെയിം ചെയ്യാം. കെട്ടിടത്തിന്റെ ഘടനയ്ക്ക് പുറമെ ഉള്ളിലെ അലങ്കാരങ്ങൾക്കും വീട്ടുപകരണങ്ങൾക്കും പരിരക്ഷ ലഭിക്കുന്ന പ്രത്യേക പാക്കേജുകളും കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്.
സോളിഡാരിറ്റി ബഹ്‌റൈൻ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ മെഡിക്കൽ ഇൻഷുറൻസിലും പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു. കൗൺസിലിംഗ് സേവനങ്ങൾ, ആശുപത്രിയിൽ പോകാതെ തന്നെ ഡോക്ടറെ കാണാൻ സാധിക്കുന്ന ടെലി-കൺസൾട്ടേഷൻ, മരുന്നുകളുടെ ഹോം ഡെലിവറി എന്നിവയും പുതിയ പോളിസികളിൽ ഉൾപ്പെടും.
യുദ്ധസാഹചര്യത്തിൽ വീട് പൂട്ടി ദീർഘകാലം (സാധാരണ 30-60 ദിവസം) മാറിനിൽക്കുകയാണെങ്കിൽ, സാധാരണ പ്രോപ്പർട്ടി ഇൻഷുറൻസ് കാലാവധിക്ക് ശേഷം നാശനഷ്ടങ്ങൾ പരിരക്ഷിക്കില്ല. അതിനാൽ ഇൻഷുറൻസ് കമ്പനിയെ മുൻകൂട്ടി അറിയിച്ച് 'വേക്കൻസി പെർമിറ്റ്' (Vacancy Permit) വാങ്ങണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അപ്രതീക്ഷിത സാഹചര്യങ്ങളിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത്തരം ഇൻഷുറൻസ് പോളിസികൾ സഹായിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി.
English Slug: Insurance companies in Bahrain introduce 'War Risk' coverage for properties and medical services.
