ബഹ്‌റൈൻ വിമാനത്താവളത്തിൽ ഇലക്ട്രിക് ടാക്സി പൈലറ്റ് പദ്ധതിക്കും ബഹ്‌റൈൻ പോസ്റ്റ് പുതിയ ശാഖയ്ക്കും തുടക്കമായി
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടാക്സി സേവനങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്ന പൈലറ്റ് പദ്ധതിക്കും, സ്മാർട്ട് സേവനങ്ങളോടെയുള്ള പുതിയ 'ബഹ്‌റൈൻ പോസ്റ്റ്' ശാഖയ്ക്കും തുടക്കമായി. ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയാണ് പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഫഖ്‌റൂ മോട്ടോഴ്‌സിന്റെ സഹകരണത്തോടെയാണ് ഇലക്ട്രിക് ടാക്സി പരീക്ഷണ പദ്ധതി നടപ്പിലാക്കുന്നത്.
വിമാനത്താവളത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് മികച്ചതും സുസ്ഥിരവുമായ അനുഭവങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നുമുള്ള പ്രതികരണങ്ങൾ വിലയിരുത്തി ഭാവിയിൽ ഇ-വാഹനങ്ങളുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കുമെന്ന് ലാൻഡ് ട്രാൻസ്‌പോർട്ട് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുള്ള അൽ ധഈൻ അറിയിച്ചു.
അതോടൊപ്പം, വിമാനത്താവളത്തിൽ ആരംഭിച്ച പുതിയ ബഹ്‌റൈൻ പോസ്റ്റ് ശാഖയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇലക്ട്രോണിക് പാഴ്‌സൽ ലോക്കറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഗേജ് അധികമുള്ള യാത്രക്കാർക്ക് ആകർഷകമായ നിരക്കിൽ പാഴ്‌സൽ അയക്കാനുള്ള സൗകര്യവും, നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ബഹുഭാഷാ തൽസമയ വിവർത്തന സംവിധാനവും (Smart Language Assistance System) പുതിയ ശാഖയുടെ പ്രധാന സവിശേഷതകളാണ്.
