ബഹ്‌റൈൻ വ്യോമപാത വീണ്ടും തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്
മേഖലയിലെ അപ്രതീക്ഷിത സുരക്ഷാ സാഹചര്യങ്ങളെത്തുടർന്ന് താൽക്കാലികമായി അടച്ചിരുന്ന ബഹ്‌റൈൻ വ്യോമപാത വീണ്ടും തുറന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് വ്യോമപാത പുനരാരംഭിച്ചതായി ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ഔദ്യോഗികമായി അറിയിച്ചത്. മേഖലയിൽ സുരക്ഷാ ഭീഷണി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീക്കിയത്.
ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ രൂക്ഷമായതിനെത്തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിലാണ് വ്യോമപാത അടച്ചിരുന്നത്. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാന ഗതാഗതം പുനഃസ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റ് സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് നിരന്തരമായ നിരീക്ഷണം തുടരുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വ്യോമപാത തുറന്നതോടെ നിലവിൽ തടസ്സപ്പെട്ട വിമാന സർവീസുകൾ ഉടൻ തന്നെ സാധാരണ നിലയിലാകും. നിലവിൽ ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ തങ്ങളുടെ സർവീസുകൾ സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഏകോപിപ്പിക്കുന്നത്. ബഹ്‌റൈനിൽ നിന്നുള്ള യാത്രക്കാരെ റോഡ് മാർഗ്ഗം ദമാമിലെത്തിച്ചായിരുന്നു ഈ ക്രമീകരണം.
