വ്യാജ ഇ-മെയിൽ വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: ബഹ്റൈനിൽ നാല് ഏഷ്യൻ പ്രവാസികൾക്ക് ശിക്ഷ വിധിച്ചു
വ്യാജ ഇ-മെയിൽ വിലാസമുണ്ടാക്കി കമ്പനിയെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് ഏഷ്യൻ പ്രവാസികൾക്ക് ബഹ്‌റൈനിൽ തടവും പിഴയും. പ്രതികൾക്ക് മൂന്ന് വർഷം തടവും 5,000 ബഹ്‌റൈൻ ദീനാർ വീതം പിഴയും ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും തട്ടിപ്പിനായി ഉപയോഗിച്ച സാങ്കേതിക ഉപകരണങ്ങൾ കണ്ടുകെട്ടാനും ഉത്തരവിൽ പറയുന്നു.
മറ്റൊരു സ്ഥാപനത്തിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ വിലാസം നിർമിച്ചായിരുന്നു (ഡൊമെയ്ൻ നാമത്തിൽ ഒരു അക്ഷരം മാത്രം മാറ്റി) പ്രതികൾ തട്ടിപ്പ് നടത്തിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റമുണ്ടെന്ന് വിശ്വസിപ്പിച്ച് കമ്പനി ജീവനക്കാർക്ക് വ്യാജ സന്ദേശമയക്കുകയും, ഇതുവഴി തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചു വാങ്ങുകയുമായിരുന്നു.
ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ കേസ് കോടതിയിലെത്തിച്ചത്. നഷ്ടപ്പെട്ട തുകയിൽ ഒരു ഭാഗം അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇ-മെയിൽ വഴി ബാങ്ക് വിവരങ്ങളിലോ പണമടയ്ക്കൽ രീതികളിലോ മാറ്റം വരുത്താൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ലഭിച്ചാൽ ഔദ്യോഗിക വഴികളിലൂടെ കൃത്യത ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സംശയകരമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 992 ഹോട്ട്ലൈൻ വഴിയോ 17108108 എന്ന വാട്സാപ്പ് നമ്പറിലോ മൈഗവ് (myGov) ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്.
