എഐ ഉപയോഗത്തിലും സൈബർ സുരക്ഷയിലും അറബ് ലോകത്ത് തിളങ്ങി ബഹ്‌റൈൻ

  1. Home
  2. International

എഐ ഉപയോഗത്തിലും സൈബർ സുരക്ഷയിലും അറബ് ലോകത്ത് തിളങ്ങി ബഹ്‌റൈൻ

AI


ഭരണനിർവഹണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫലപ്രദമായി ഉപയോഗിക്കുന്നതിലും പൊതുസേവനങ്ങൾ ഡിജിറ്റലാക്കുന്നതിലും അറബ് ലോകത്ത് മുൻനിരയിലെത്തി ബഹ്‌റൈൻ. യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ പുറത്തുവിട്ട 2026-ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ വാർഷിക അവലോകന റിപ്പോർട്ടിലാണ് ബഹ്‌റൈന്റെ ഈ വലിയ നേട്ടം വ്യക്തമാക്കുന്നത്. ഡിജിറ്റൽ മുന്നേറ്റത്തിനൊപ്പം സൈബർ സുരക്ഷയുടെ കാര്യത്തിലും ആഗോളതലത്തിൽ ഏറ്റവും ഉയർന്ന വിഭാഗത്തിൽ രാജ്യം ഇടംപിടിച്ചിട്ടുണ്ട്.

അറബ് മേഖലയിലെ എഐ നയങ്ങളെക്കുറിച്ച് പഠനം നടത്തിയ റിപ്പോർട്ട് പ്രകാരം, 2025-ലെ ഗവൺമെന്റ് എഐ റെഡിനസ് ഇൻഡക്സിൽ സൗദി അറേബ്യയ്ക്കും യുഎഇക്കും തൊട്ടുപിന്നാലെയാണ് ബഹ്‌റൈന്റെ സ്ഥാനം. കുവൈത്ത്, ജോർദാൻ, മൊറോക്കോ, ടുണീഷ്യ, ഇറാഖ്, മൗറിട്ടാനിയ തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് ബഹ്‌റൈൻ നിലവിലുള്ളത്. സർക്കാർ സേവനങ്ങളിൽ എഐ സാങ്കേതികവിദ്യകൾ വിജയകരമായി നടപ്പിലാക്കുന്നതിനായി കൃത്യമായ അടിസ്ഥാന സൗകര്യങ്ങളും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനങ്ങളും ഉറപ്പാക്കിയ രാജ്യങ്ങളെ റിപ്പോർട്ടിൽ പ്രത്യേകം അഭിനന്ദിക്കുന്നുമുണ്ട്.

ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) പുറത്തുവിട്ട ആഗോള സൈബർ സുരക്ഷാ സൂചികയിലും ബഹ്‌റൈൻ ഒന്നാം നിരയിൽ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. ശക്തമായ നിയമനിർമ്മാണം, അത്യാധുനിക സാങ്കേതിക ശേഷി, മികച്ച ദേശീയ സൈബർ സുരക്ഷാ തന്ത്രങ്ങൾ എന്നിവയാണ് രാജ്യത്തെ ഈ നേട്ടത്തിന് അർഹമാക്കിയത്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനും വേണ്ടി 'എത്തിക്കൽ എഐ' നിയമങ്ങൾ ദേശീയ നയരേഖയിൽ തന്നെ ഉൾപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. ഇതനുസരിച്ച് ഏതൊരു സർക്കാർ സ്ഥാപനവും എഐ സംവിധാനങ്ങൾ പുറത്തുവിടുന്നതിന് മുൻപ് രാജ്യത്തെ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി ആലോചിച്ച് കൃത്യമായ അനുമതി വാങ്ങിയിരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.