ബഹ്‌റൈൻ പാർലമെന്റിലെ 3 എംപിമാരുടെ അംഗത്വം റദ്ദാക്കി
പാർലമെന്റിൽ ഇറാൻ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മൂന്ന് എം.പിമാരുടെ അംഗത്വം റദ്ദാക്കി ബഹ്‌റൈൻ . മുൻ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽനബി സൽമാൻ, സർവിസ് കമ്മിറ്റി ചെയർമാൻ മമദൂഹ് അൽ സാലിഹ്, സർവിസ് കമ്മിറ്റി അംഗം ഡോ. മഹ്ദി അൽ ശുവൈഖ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഭൂരിപക്ഷ അംഗങ്ങളും നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തു.
ഏപ്രിൽ 28ന് നടന്ന സഭാനടപടികൾക്കിടെ ജുഡീഷ്യൽ അതോറിറ്റി നിയമത്തിലെ ഭേദഗതി ചർച്ച ചെയ്യുമ്പോൾ ഇവർ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് ആധാരം. രാജ്യത്തിനെതിരായ ഇറാന്റെ നീക്കങ്ങളെ അനുകൂലിക്കുന്നവർക്കെതിരെ സർക്കാർ സ്വീകരിച്ച കർശന നടപടികളെ ഇവർ വിമർശിച്ചതാണ് വിവാദമായത്.പിന്നീട് മൂന്ന് പേരും പൊതുവായി ക്ഷമാപണം നടത്തിയിരുന്നെങ്കിലും, രാജ്യം വിരുദ്ധ നിലപാട് സ്വീകരിച്ചവർക്ക് ജനപ്രതിനിധികളായി തുടരാൻ കഴിയില്ലെന്ന നിലപാടിലാണ് പാർലമെന്റ് ഭൂരിപക്ഷം. ഭരണഘടനാപരമായ നടപടികൾ വേണമെന്നും രാജിവെക്കലാണ് ഉചിതമെന്നുമായിരുന്നു നിവേദനക്കാരുടെ വാദം
