പ്രവാസി വർക്ക് പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ ബഹ്‌റൈൻ; 2026 ജനുവരി മുതൽ നടപ്പിലാക്കും
തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് കൂടുതൽ മുൻഗണന ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ വർധനവ് പ്രഖ്യാപിച്ച് ബഹ്‌റൈൻ. കാബിനറ്റ് യോഗത്തിന് ശേഷം തൊഴിൽനിയമകാര്യ മന്ത്രിയാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. 2026 ജനുവരിയിൽ ആരംഭിക്കുന്ന ഈ പരിഷ്കാരം അടുത്ത നാല് വർഷം കൊണ്ട് ഘട്ടംഘട്ടമായാണ് പൂർത്തിയാക്കുക.
ഗാർഹിക തൊഴിലാളികളെ ഈ വർധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 100 ബഹ്‌റൈൻ ദിനാറായ വർക്ക് പെർമിറ്റ് ഫീസ് താഴെ പറയുന്ന ക്രമത്തിലാണ് വർധിക്കുക:
-
2026: 105 ദിനാർ
-
2027: 111 ദിനാർ
-
2028: 118 ദിനാർ
-
2029: 125 ദിനാർ
ഇതോടൊപ്പം പ്രവാസികളുടെ വാർഷിക മെഡിക്കൽ ഇൻഷുറൻസ് ഫീസിലും വലിയ വർധനവുണ്ടാകും. നിലവിലെ 72 ദിനാറിൽ നിന്ന് 2026-ൽ 90 ദിനാറായും, 2029 ഓടെ ഇത് 144 ദിനാറായും ഉയരും. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് (LMRA) പ്രതിമാസം നൽകേണ്ട ഫീസിലും ആനുപാതികമായ മാറ്റമുണ്ടാകും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവരെ തൊഴിൽ വിപണിയിൽ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
