ഡേറ്റ സുരക്ഷയിൽ ലോകത്തിന് മാതൃകയാകാൻ ബഹ്‌റൈൻ; സാൻഡ്‌ബോക്‌സ് എ.ക്യുലുമായി ചരിത്ര കരാർ
രാജ്യത്തെ ഡേറ്റ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ ബഹ്‌റൈൻ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ നിർണ്ണായക നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആൽഫബെറ്റിന്റെ ഭാഗമായിരുന്ന പ്രമുഖ ടെക് കമ്പനി 'സാൻഡ്‌ബോക്‌സ് എ.ക്യുലുമായി' ബഹ്‌റൈൻ തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചു. ഇതോടെ ക്വാണ്ടം കമ്പ്യൂട്ടിംഗ് യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ സജ്ജമാകുന്ന ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായി ബഹ്‌റൈൻ മാറും.
ക്വാണ്ടം കമ്പ്യൂട്ടറുകൾ നിലവിലെ സുരക്ഷാ കോഡുകൾ തകർക്കാൻ പ്രാപ്തി നേടുന്ന 'ക്യൂ-ഡേ' (Q-Day) 2029-ഓടെ ഉണ്ടായേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഈ ഭീഷണി മുൻകൂട്ടി കണ്ട് സർക്കാർ രേഖകൾ, പ്രതിരോധ ഡേറ്റ, നയതന്ത്ര സന്ദേശങ്ങൾ എന്നിവയ്ക്ക് ക്വാണ്ടം-പ്രൂഫ് സുരക്ഷ ഉറപ്പാക്കുകയാണ് ബഹ്‌റൈൻ ലക്ഷ്യമിടുന്നത്. എ.ഐ അധിഷ്ഠിതമായ ഈ പുതിയ സംവിധാനം ഡിജിറ്റൽ ശൃംഖലയിലെ ദുർബലമായ എൻക്രിപ്ഷനുകൾ കണ്ടെത്തുകയും അവ ഉടനടി പരിഹരിക്കുകയും ചെയ്യും.
രാജ്യത്തിന്റെ ഡിജിറ്റൽ ആസ്തികൾ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും ഇത്തരം ആധുനിക സുരക്ഷാ സംവിധാനങ്ങൾ അനിവാര്യമാണെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ സി.ഇ.ഒ ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ബഹ്‌റൈൻ കൈവരിക്കുന്ന ഈ മുന്നേറ്റം ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
