ബഹ്‌റൈനിലെ ചരിത്രപ്രസിദ്ധമായ കാസിനോ പാർക്ക് നവീകരണം അവസാന ഘട്ടത്തിലേക്ക്; 60 ശതമാനം പ്രവൃത്തികൾ പൂർത്തിയായി
മുഹറഖിലെ ചരിത്രപ്രസിദ്ധമായ കാസിനോ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ 60 ശതമാനം ജോലികളും ഇതിനോടകം പൂർത്തിയായതായും 2026-ന്റെ ആദ്യ പകുതിയോടെ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും മുനിസിപ്പാലിറ്റി കാര്യ, കൃഷിമന്ത്രി വഈൽ അൽ മുബാറക് അറിയിച്ചു. കഴിഞ്ഞ ദിവസം പാർക്കിലെത്തി നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്‌റൈനിലെ തന്നെ ഏറ്റവും പഴക്കമേറിയ പൊതു പാർക്കുകളിലൊന്നായ കാസിനോ പാർക്കിനെ അത്യാധുനിക സൗകര്യങ്ങളോടെ വീണ്ടെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഏകദേശം 23,158 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പാർക്കിൽ വൈവിധ്യമാർന്ന സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. മൾട്ടി പർപ്പസ് സ്പോർട്സ് കോർട്ട്, വ്യായാമത്തിനായുള്ള പ്രത്യേക സോൺ, നവീകരിച്ച വാക്കിങ് ട്രാക്കുകൾ, കുട്ടികൾക്കായി സുരക്ഷിതമായ റബ്ബർ ഫ്ലോറിങ്ങോടു കൂടിയ കളിസ്ഥലങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. പാർക്കിന്റെ സുരക്ഷ മുൻനിർത്തി അത്യാധുനിക സിസിടിവി ക്യാമറകളും സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് നവീകരണം നടക്കുന്നത്; നിലവിലുള്ള 536 മരങ്ങൾക്ക് പുറമെ 479 തണൽ മരങ്ങൾ കൂടി പുതുതായി വെച്ചുപിടിപ്പിക്കും. ഇതോടെ പാർക്കിലെ പച്ചപ്പ് 11,451 ചതുരശ്ര മീറ്ററായി വർദ്ധിക്കും. ജലസേചനത്തിനായി അത്യാധുനിക ഓട്ടോമാറ്റിക് സംവിധാനവും വലിയ വാട്ടർ ടാങ്കും നിർമ്മിക്കുന്നുണ്ട്.
1960-കളിൽ ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ വിനോദകേന്ദ്രമായി ആരംഭിച്ച ഈ പാർക്ക് പിന്നീട് ജനങ്ങളുടെ പ്രിയപ്പെട്ട പൊതുയിടമായി മാറുകയായിരുന്നു. മുഹറഖിന്റെ ഹൃദയഭാഗത്തുള്ള ഈ പാർക്ക് നവീകരിക്കുന്നതിലൂടെ പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രിയുടെ സന്ദർശന വേളയിൽ മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അഹമ്മദ് അൽ നാർ, എംപി ഹമദ് അൽ ദോയ് തുടങ്ങിയ പ്രമുഖരും ഒപ്പമുണ്ടായിരുന്നു.
