ബഹ്‌റൈനിൽ ഡ്രോൺ ഉപയോഗത്തിന് പുതിയ നിയമം: ലംഘിച്ചാൽ ഏഴ് വർഷം വരെ തടവ്

  1. Home
  2. International

ബഹ്‌റൈനിൽ ഡ്രോൺ ഉപയോഗത്തിന് പുതിയ നിയമം: ലംഘിച്ചാൽ ഏഴ് വർഷം വരെ തടവ്

drone


ബഹ്‌റൈനിൽ ഡ്രോണുകളുടെ ഉപയോഗവും സിവിൽ ഏവിയേഷൻ രംഗവും കൂടുതൽ സുരക്ഷിതമാക്കുന്നതിനായി പുതിയ സമഗ്ര നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാധികാരമുള്ള പുതിയ സിവിൽ ഏവിയേഷൻ അതോറിറ്റി രൂപീകരിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂട്ടിയുള്ള അനുമതിയും ആവശ്യമായ ലൈസൻസും ഇല്ലാതെ ഡ്രോണുകൾ കൈവശം വെക്കുന്നതും വിൽക്കുന്നതും പ്രവർത്തിപ്പിക്കുന്നതും പൂർണ്ണമായി നിരോധിച്ചു.

വ്യക്തിഗത സ്വകാര്യത ലംഘിക്കുന്ന രീതിയിലോ മുൻകൂട്ടി അനുമതിയില്ലാതെ പൊതുജനക്കൂട്ടങ്ങളെ ചിത്രീകരിക്കുന്നതിനോ ഡ്രോൺ ഉപയോഗിച്ചാൽ അഞ്ച് വർഷം വരെയും, വ്യോമമേഖലയുടെ സുരക്ഷ അപകടപ്പെടുത്തുകയോ ഡ്രോൺ സിസ്റ്റങ്ങളിൽ ഹാക്കിങ് നടത്തി നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്താൽ ഏഴ് വർഷം വരെയും തടവുശിക്ഷ ലഭിക്കും.

കൂടാതെ മന്ത്രിസഭയ്ക്ക് കീഴിൽ പ്രത്യേക എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഓഫീസും സ്ഥാപിതമാകും. നിലവിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ ഇവരെ പുതിയ അതോറിറ്റിയിലേക്ക് മാറ്റും. രാജകീയ ഉത്തരവ് വഴി നിയമിതനാകുന്ന തലവനായിരിക്കും അതോറിറ്റിയെ നയിക്കുകയെങ്കിലും ബന്ധപ്പെട്ട മന്ത്രി പാർലമെന്റിനോട് ഉത്തരവാദിത്തമുള്ളവനായി തുടരും. മന്ത്രിസഭാ അംഗീകാരത്തോടെ പുതിയ കമ്പനികൾ സ്ഥാപിക്കാനും അതോറിറ്റിക്ക് അനുമതിയുണ്ട്.