ഫുഡ് ഡെലിവറി ആപ്പുകളുടെ അമിത ചാർജ്: നിയന്ത്രണമേർപ്പെടുത്താൻ ബഹ്‌റൈൻ പാർലമെന്റിൽ നിർദ്ദേശം
ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഈടാക്കുന്ന അമിതമായ ഡെലിവറി ചാർജുകളും കമ്മീഷനുകളും നിയന്ത്രിക്കാൻ ബഹ്‌റൈൻ പാർലമെന്റിൽ പുതിയ നിയമനിർമ്മാണത്തിന് നിർദ്ദേശം. ഉപഭോക്താക്കൾക്കും റസ്റ്റോറന്റ് ഉടമകൾക്കും ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാനും വിപണിയിൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നീക്കം. ജലാൽ കാദിം അൽ മഹ്ഫൂദിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ ചേർന്നാണ് ഇതുസംബന്ധിച്ച നിർദ്ദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന് സമർപ്പിച്ചത്.
തുടർനടപടികൾക്കായി ഈ നിർദ്ദേശം പാർലമെന്റിന്റെ സാമ്പത്തിക കാര്യ സമിതിക്ക് കൈമാറിയിട്ടുണ്ട്. വ്യവസായ-വാണിജ്യ മന്ത്രാലയവുമായി സഹകരിച്ചായിരിക്കും സമിതി ഇത് പരിശോധിക്കുക. ഓൺലൈൻ ഭക്ഷണ വിതരണ സേവനങ്ങൾ അതിവേഗം വളരുമ്പോഴും ഇവയെ നിയന്ത്രിക്കാൻ കൃത്യമായ നിയമങ്ങളില്ലെന്ന് ജലാൽ കാദിം അൽ മഹ്ഫൂദ് ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായ ഇത്തരം ആപ്പുകളുടെ പ്രവർത്തനം എല്ലാ കക്ഷികൾക്കും ന്യായമായ രീതിയിലായിരിക്കണം. ഉപഭോക്താക്കളെ അമിത നിരക്കുകളിൽ നിന്ന് സംരക്ഷിക്കാനും ഉയർന്ന കമ്മീഷൻ കാരണം ബുദ്ധിമുട്ടുന്ന റസ്റ്റോറന്റുകളെ സഹായിക്കാനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങൾ ഡെലിവറി ഫീസുകൾ വിജയകരമായി നിയന്ത്രിച്ച മാതൃകകൾ ബഹ്‌റൈനും പിന്തുടരാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതിക പുരോഗതിക്കൊപ്പം വിപണിയിൽ നീതിയും സുതാര്യതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യവസായ-വാണിജ്യ മന്ത്രാലയവുമായുള്ള ചർച്ചകൾക്ക് ശേഷം സമിതി തങ്ങളുടെ അന്തിമ ശുപാർശകൾ പാർലമെന്റിന് സമർപ്പിക്കും.
