ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ്; രക്ഷകനായി ഇന്ത്യ, പൈപ്പ്‌ലൈൻ വഴി 5,000 ടൺ ഡീസൽ എത്തിച്ചു
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിന് അടിയന്തര സഹായവുമായി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 5,000 ടൺ ഡീസൽ ഇന്ത്യ ബംഗ്ലാദേശിലെത്തിച്ചു. ഇറാൻ-ഇസ്രായേൽ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ആഗോള എണ്ണ വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് അയൽരാജ്യത്തിന് കൈത്താങ്ങായി ഇന്ത്യയുടെ ഈ നിർണ്ണായക ഇടപെടൽ.
ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം പ്രതിവർഷം 1.8 ലക്ഷം ടൺ ഡീസൽ പൈപ്പ്‌ലൈൻ വഴി നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ആദ്യ വിഹിതമാണ് ഇപ്പോൾ കൈമാറിയതെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ ചെയർമാൻ മുഹമ്മദ് റെസനുർ റഹ്മാൻ സ്ഥിരീകരിച്ചു. അടുത്ത ആറുമാസത്തിനുള്ളിൽ 90,000 ടൺ ഇന്ധനം കൂടി ബംഗ്ലാദേശിലെത്തും. 2017-ൽ നിർമ്മാണം പൂർത്തിയാക്കിയ ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്‌ലൈൻ വഴിയാണ് ഇന്ധന കൈമാറ്റം നടക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ബംഗ്ലാദേശിൽ ഇന്ധനക്ഷാമം രൂക്ഷമായിരുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ പമ്പുകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും സർവകലാശാലകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ബംഗ്ലാദേശിൽ ബിഎൻപി (BNP) സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നതിന്റെ സൂചനയായാണ് ഈ സഹായത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൂടുതൽ ഇന്ധനം വേണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആഭ്യന്തര വിപണിയിലെ സാഹചര്യം കൂടി കണക്കിലെടുത്താകും ഇന്ത്യയുടെ തുടർന്നുള്ള നീക്കങ്ങൾ.
