ഖത്തറിൽ മാർച്ച് ഒന്നിന് ബാങ്ക് അവധി; തുടർച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച തുറക്കും
മാർച്ച് ഒന്ന് ഞായറാഴ്ച ഖത്തറിലെ മുഴുവൻ ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഖത്തർ സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളും പൊതു അവധി ദിനങ്ങളും സംബന്ധിച്ച 2025-ലെ അമീരി ഉത്തരവ് പ്രകാരമാണ് നടപടി. എല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഖത്തർ സെൻട്രൽ ബാങ്ക് അവധി നൽകുന്നത്.
ഇതോടെ ഖത്തറിലെ ബാങ്കുകൾക്ക് തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്കൊപ്പം ഞായറാഴ്ചയിലെ പൊതു അവധി കൂടി ചേരുന്നതോടെയാണിത്. വ്യാഴാഴ്ചയ്ക്ക് ശേഷം തിങ്കളാഴ്ച മാത്രമായിരിക്കും ഇനി ധനകാര്യ സ്ഥാപനങ്ങൾ പ്രവൃത്തി ദിനത്തിലേക്ക് മടങ്ങിയെത്തുക.
അവധി കഴിഞ്ഞ് രാജ്യത്തെ എല്ലാ ബാങ്കുകളും മറ്റിതര ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ പതിവുപോലെ തുറന്നു പ്രവർത്തിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
