യുഎഇയിൽ ബാങ്കിങ് സുരക്ഷ പരിഷ്‌കരിക്കുന്നു; എസ്എംഎസ് വഴിയുള്ള ഒടിപി സംവിധാനം നിർത്തലാക്കുന്നു

  1. Home
  2. International

യുഎഇയിൽ ബാങ്കിങ് സുരക്ഷ പരിഷ്‌കരിക്കുന്നു; എസ്എംഎസ് വഴിയുള്ള ഒടിപി സംവിധാനം നിർത്തലാക്കുന്നു

otp


യുഎഇയിലെ ബാങ്കിങ് ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എസ്എംഎസ്, ഇമെയിൽ വഴിയുള്ള വൺ ടൈം പാസ്‌വേഡുകൾ (OTP) നിർത്തലാക്കുന്നു. ഈ മാസം അവസാനത്തോടെ രാജ്യത്തെ ലൈസൻസുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഇൻ-ആപ്പ് വെരിഫിക്കേഷൻ രീതിയിലേക്ക് മാറണമെന്ന് സെൻട്രൽ ബാങ്ക് കർശന നിർദ്ദേശം നൽകി. ഇതിനകം തന്നെ രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഭൂരിഭാഗം ഉപഭോക്താക്കളെയും പുതിയ സുരക്ഷാ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിലുള്ള ഒടിപി സംവിധാനത്തേക്കാൾ സുരക്ഷിതവും തട്ടിപ്പുകൾ തടയാൻ സഹായിക്കുന്നതുമാണ് പുതിയ പരിഷ്‌കാരമെന്ന് അധികൃതർ വ്യക്തമാക്കി.

മാർച്ച് 31-നുള്ള സമയപരിധിക്ക് മുന്നോടിയായി തന്നെ എല്ലാ സുപ്രധാന ഇടപാടുകളും എസ്എംഎസ് ഒടിപിയിൽ നിന്ന് മാറ്റാനുള്ള ശ്രമത്തിലാണ് ബാങ്കുകൾ. ഇതിനായി എമിറേറ്റ്സ് ഫേസ് റെക്കഗ്‌നിഷൻ പോലുള്ള നൂതന സാങ്കേതികവിദ്യകളും ബാങ്കുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. എമിറേറ്റ്സ് എൻബിഡി തങ്ങളുടെ 25 ലക്ഷത്തിലധികം വരുന്ന ഡിജിറ്റൽ ഉപഭോക്താക്കളെയും ഇൻ-ആപ്പ് ഓതന്റിക്കേഷൻ സംവിധാനത്തിലേക്ക് വിജയകരമായി മാറ്റി. ഓൺലൈൻ കാർഡ് ഇടപാടുകൾ ഇനി മൊബൈൽ ആപ്പ് വഴിയുള്ള സുരക്ഷാ കോഡുകൾ ഉപയോഗിച്ചായിരിക്കും നടക്കുക.

കൊമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായിയും (സിബിഡി) തങ്ങളുടെ ഭൂരിഭാഗം ഇടപാടുകളും പുതിയ രീതിയിലേക്ക് മാറ്റിയതായി അറിയിച്ചു. 80 ശതമാനത്തിലധികം ഉപഭോക്താക്കളും ഇതിനകം പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുരക്ഷിതവും ലളിതവുമായ ഡിജിറ്റൽ ബാങ്കിങ് അനുഭവം ഉറപ്പാക്കുന്നതിനൊപ്പം തട്ടിപ്പുകൾ തടയുന്നതിനും പുതിയ പരിഷ്‌കാരം സഹായിക്കും. ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും പുതിയ സുരക്ഷാ മാനദണ്ഡങ്ങളുമായി സഹകരിക്കണമെന്നും ബാങ്ക് അധികൃതർ നിർദ്ദേശിച്ചു.

English Slug: UAE banks to stop SMS and email OTPs; In-app verification mandatory from March 31.