ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രാർത്ഥനകളോടെ യു.എ.ഇയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു

  1. Home
  2. International

ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രാർത്ഥനകളോടെ യു.എ.ഇയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു

eid


യു.എ.ഇയിലുടനീളമുള്ള മസ്ജിദുകളിലും ഈദ്ഗാഹുകളിലും ഒത്തുചേർന്ന പതിനായിരക്കണക്കിന് വിശ്വാസികൾ ലോകസമാധാനത്തിനായും മാനവിക ഐക്യത്തിനായും പ്രാർത്ഥിച്ചുകൊണ്ട് ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിച്ചു. പെരുന്നാൾ നമസ്കാരത്തോടെയാണ് രാജ്യത്ത് ആഘോഷങ്ങൾക്ക് തുടക്കമായത്. സൂര്യോദയത്തിന് മുൻപ് തന്നെ എമിറേറ്റുകളിലെ പ്രധാന റോഡുകളെല്ലാം മസ്ജിദുകളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകിയ കുടുംബങ്ങളെക്കൊണ്ട് സജീവമായിരുന്നു.

ബുധനാഴ്ച പുലർച്ചെ ദുബായിലെ മസ്ജിദുകളിൽ നിന്ന് പെരുന്നാൾ തക്ബീർ ധ്വനികൾ ഉയർന്നതോടെ പുത്തൻ വസ്ത്രങ്ങളണിഞ്ഞ് മുതിർന്നവരും കുട്ടികളുമടങ്ങുന്ന വലിയ ജനസമൂഹം പ്രാർത്ഥനാ വേദികളിലേക്ക് എത്തിച്ചേർന്നു. ദുബായ്ക്ക് പുറമെ അബുദാബി, ഷാർജ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിലും വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് പെരുന്നാൾ നമസ്കാരത്തിന് ദൃശ്യമായത്. നമസ്കാരത്തിന് തൊട്ടുമുമ്പ് തന്നെ പ്രധാന പ്രാർത്ഥനാ ഹാളുകളും പുറത്തെ താല്ക്കാലിക സൗകര്യങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.

ദേശീയതയോ പശ്ചാത്തലമോ നോക്കാതെ ഒരേ വരികളിൽ തോളോട് തോൾ ചേർന്ന് വിശ്വാസികൾ പ്രാർത്ഥനാനിരതരായപ്പോൾ ആത്മീയതയുടെയും സഹിഷ്ണുതയുടെയും വേറിട്ട അന്തരീക്ഷമാണ് അനുഭവപ്പെട്ടത്. നമസ്കാരത്തിന് ശേഷം പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും വിശ്വാസികൾ പെരുന്നാൾ ആശംസകൾ കൈമാറി.

നമസ്കാര ചടങ്ങുകൾക്ക് ശേഷം സുഹൃത്തുക്കളോടും ബന്ധുക്കളോടും വിശേഷങ്ങൾ പങ്കുവെക്കാനും നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് വീഡിയോ കോളുകൾ വഴി ഈദ് ആശംസകൾ നേരാനുമായി വലിയൊരു ജനക്കൂട്ടം മസ്ജിദുകൾക്ക് പുറത്ത് ഏറെ സമയം ചിലവഴിച്ചു. കുട്ടികൾക്ക് ഈദ് സമ്മാനങ്ങൾ നൽകിയും പരസ്പരം പ്രാർത്ഥനകൾ നേർന്നും ഒത്തുചേരലിന്റെയും മാനുഷിക ബന്ധങ്ങളുടെയും പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെയും പെരുന്നാൾ പുലരി.