സൗദി പ്രവാസികൾക്ക് വലിയ ആശ്വാസം; വർക്ക് പെർമിറ്റ് ശരിയാക്കാനുള്ള സമയപരിധി നീട്ടി, ഡിസംബർ വരെ പിഴയില്ലാതെ പദവി നന്നാക്കാം
സൗദി അറേബ്യയിലെ വിദേശി തൊഴിലാളികൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും ആശ്വാസമേകുന്ന നിർണ്ണായക പ്രഖ്യാപനവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റുകൾ (തൊഴിൽ അനുമതി) യാതൊരുവിധ നിയമനടപടികളുമില്ലാതെ പുതുക്കി പദവി നിയമവിധേയമാക്കാനുള്ള ഇളവുകാലാവധി ഈ വർഷം ഡിസംബർ അവസാനം വരെ നീട്ടി മന്ത്രാലയം ഉത്തരവിറക്കി.
തൊഴിൽ രേഖകൾ കൃത്യമാക്കാൻ നൽകിയ മുൻപത്തെ ഇളവുകാലാവധി ഇന്ന് (ജൂൺ 30) അവസാനിക്കാനിരിക്കെയാണ്, പ്രവാസികൾക്ക് ആറ് മാസം കൂടി അധിക സമയം അനുവദിച്ചുകൊണ്ടുള്ള മന്ത്രാലയത്തിന്റെ ഈ സുവർണ്ണ തീരുമാനം വരുന്നത്. സ്പോൺസർഷിപ്പ് മാറ്റത്തിലും ഇഖാമ പുതുക്കലിലും പ്രതിസന്ധി നേരിട്ടിരുന്ന ആയിരക്കണക്കിന് പ്രവാസി മലയാളി തൊഴിലാളികൾക്ക് ഈ പ്രഖ്യാപനം വലിയ തണലാകും.
ആർക്കൊക്കെയാണ് ഇളവ് ലഭിക്കുക?
താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്ന തൊഴിലാളികളുടെ സ്റ്റാറ്റസ് ശരിയാക്കുന്നതിനാണ് ഇപ്പോൾ ഈ വർഷാവസാനം വരെ സമയം അനുവദിച്ചിരിക്കുന്നത്:
- വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് 12 മാസത്തിൽ കൂടുതൽ ആയവർ.
- പുതിയ തൊഴിലുടമയുടെ കീഴിൽ എത്തി ആറ് മാസം കഴിഞ്ഞിട്ടും വർക്ക് പെർമിറ്റ് ലഭിക്കാത്തവർ.
തൊഴിൽ വിപണിയിലെ നിയമപാലനം കൂടുതൽ ശക്തമാക്കുക, തൊഴിൽ കരാറുകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുക, സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിെൻറ ഈ നടപടി.
സമയപരിധിക്കുള്ളിൽ പദവി ശരിയാക്കണം
നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകാൻ ഭൂരിഭാഗം സ്ഥാപനങ്ങളും ജീവനക്കാരും കാണിച്ച മികച്ച പ്രതികരണമാണ് സമയപരിധി നീട്ടി നൽകാൻ കാരണമായതെന്ന് മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ, നീട്ടിനൽകിയ സമയപരിധിക്കുള്ളിൽ തന്നെ തൊഴിലുടമകളും ജീവനക്കാരും വർക്ക് പെർമിറ്റുകൾ പുതുക്കുകയോ കൈപ്പറ്റുകയോ ചെയ്യണമെന്ന് മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. ഈ നിശ്ചിത സമയത്തിനുള്ളിൽ പദവി ശരിയാക്കുന്നതിൽ പരാജയപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
