എപ്സ്റ്റീൻ ഫയൽസ് വിവാദം: ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് മാപ്പ് ചോദിച്ച് ബിൽ ഗേറ്റ്സ്
എപ്സ്റ്റീൻ ഫയൽസ് വിവാദത്തിൽ ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് മാപ്പ് ചോദിച്ച് ബിൽ ഗേറ്റ്സ്. പ്രത്യേക പൊതുയോഗത്തിലാണ് ശതകോടീശ്വരൻ ജീവനക്കാരോട് മാപ്പ് ചോദിച്ചത്. തൻ്റെ തെറ്റ് കാരണം വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടവരോട് ക്ഷമ ചോദിച്ച ബിൽ ഗേറ്റ്സ് തനിക്ക് രണ്ട് റഷ്യൻ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.റഷ്യൻ സ്ത്രീകളുമായുള്ള ബന്ധം എപ്സ്റ്റീൻ കണ്ടുപിടിച്ചെന്നും അതിനെ പറ്റിയാണ് പുറത്തുവിട്ട ഇ മെയിലുകളിലെ പരാമർശമെന്നുമാണ് വിശദീകരണം. എപ്സ്റ്റീന്റെ ഇരകളുമായോ എപ്സ്റ്റീൻ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായോ ഒരു ബന്ധവുമില്ലെന്ന് ഗേറ്റ്സ് ആവർത്തിച്ചു. എപ്സ്റ്റീന്റെ ദ്വീപിലേക്ക് പോയിട്ടില്ലെന്ന് നേരത്തെയും ഗേറ്റ്സ് വ്യക്തമാക്കിയിരുന്നു. താൻ അവിഹിത ബന്ധങ്ങളുടെ ഭാഗമായിരുന്നില്ലെന്നും അത്തരം ഇടപാടുകൾ കണ്ടിട്ടുമില്ലെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ആവർത്തിച്ചു. അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലാണ് വാർത്ത പുറത്തുവിട്ടത്. ഗേറ്റ്‍സിന്റെ മാപ്പപേക്ഷ ഫൗണ്ടേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.
