ബയോമെട്രിക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി കോൺസുലേറ്റ്

  1. Home
  2. International

ബയോമെട്രിക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി കോൺസുലേറ്റ്

scam alert


യു.എ.ഇയിലുള്ള ഇന്ത്യൻ പ്രവാസികളെ ലക്ഷ്യമിട്ട് വ്യാജ തൊഴിൽ, വിസ വാഗ്ദാനങ്ങൾ നൽകി ബയോമെട്രിക് ഡാറ്റ തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജാഗ്രതാനിർദേശം നൽകി. വിസയും മറ്റ് രേഖകളും ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യക്തികളിൽ നിന്ന് പാസ്‌പോർട്ട്, എമിറേറ്റ്സ് ഐ.ഡി, വിരലടയാളം, ഐറിസ് (കണ്ണ്) സ്കാൻ എന്നിവ കൈക്കലാക്കുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

ഇങ്ങനെ ചോർത്തുന്ന വിവരങ്ങൾ ഉപയോഗിച്ച് ഇര അറിയാതെ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും വായ്പകളും ക്രെഡിറ്റ് കാർഡുകളും തരപ്പെടുത്തുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇത് പ്രവാസികളെ കടുത്ത സാമ്പത്തിക ബാധ്യതകളിലേക്കും നിയമനടപടികളിലേക്കും യാത്രാവിലക്കിലേക്കും തള്ളിവിടും. വിസ, എമിറേറ്റ്സ് ഐ.ഡി തുടങ്ങിയ ഔദ്യോഗിക നടപടികൾക്കുള്ള ബയോമെട്രിക് പരിശോധനകൾ യു.എ.ഇ സർക്കാരിന്റെ അംഗീകൃത കേന്ദ്രങ്ങളിൽ മാത്രം നടത്തുക. പാസ്‌പോർട്ടോ എമർജൻസി സർട്ടിഫിക്കറ്റോ നൽകുന്നതിന് ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ ബയോമെട്രിക് വിവരങ്ങൾ ചോദിക്കാറില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഏതെങ്കിലും ഏജന്റുമാരോ വ്യക്തികളോ രേഖകളോ ബയോമെട്രിക് വിവരങ്ങളോ ആവശ്യപ്പെട്ടാൽ പ്രവാസി ഭാരതീയ സഹായ കേന്ദ്രവുമായി (PBSK) ഉടൻ ബന്ധപ്പെടണം. സഹായത്തിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിലോ, 00971543090571 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ, pbsk.dubai@mea.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും കോൺസുലേറ്റ് ഓർമ്മിപ്പിച്ചു.