പക്ഷിപ്പനി: ഫ്രാൻസ്, പോളണ്ട് രാജ്യങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് സൗദിയിൽ നിരോധനം

  1. Home
  2. International

പക്ഷിപ്പനി: ഫ്രാൻസ്, പോളണ്ട് രാജ്യങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് സൗദിയിൽ നിരോധനം

avian influenza


പോളണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് കോഴിയിറച്ചിയും കോഴിമുട്ടയും ഇറക്കുമതി ചെയ്യുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ഈ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിൽ പക്ഷിപ്പനിയും (Avian Influenza), ന്യൂകാസിൽ രോഗവും പടരുന്നതായി ലോക മൃഗാരോഗ്യ സംഘടന (WOAH) റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ മുൻകരുതൽ നടപടി.

അതേസമയം, വൈറസിനെ ഇല്ലാതാക്കാൻ ആവശ്യമായ ഉയർന്ന താപനിലയിൽ പാകം ചെയ്തതോ സംസ്കരിച്ചതോ ആയ കോഴിയിറച്ചി ഉൽപ്പന്നങ്ങൾക്കും മുട്ടകൾക്കും ഈ നിരോധനം ബാധകമല്ല. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. ഇത്തരം ഉൽപ്പന്നങ്ങൾ രോഗമുക്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഫ്രാൻസിലെയും പോളണ്ടിലെയും ഔദ്യോഗിക ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.