ബ്ലൂ ലൈൻ നിർമ്മാണം: ദുബൈ മെട്രോ സെന്റർപോയിന്റ് സ്റ്റേഷനിലെ കാൽനടപ്പാലം താത്കാലികമായി അടയ്ക്കുന്നു
ദുബൈ മെട്രോയുടെ പുതിയ 'ബ്ലൂ ലൈൻ' പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റർപോയിന്റ് മെട്രോ സ്റ്റേഷനിലെ പ്രധാന കാൽനടപ്പാലം താത്കാലികമായി അടയ്ക്കുന്നതായി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. മൾട്ടിസ്റ്റോറി കാർ പാർക്കിങ് കെട്ടിടത്തെ സെന്റർപോയിന്റ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാലമാണ് അടയ്ക്കുന്നത്.
യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ (Level G) സുരക്ഷിതമായ ബദൽ യാത്രാ പാത ആർ.ടി.എ ഒരുക്കിയിട്ടുണ്ട്. റെഡ് ലൈൻ പ്രവേശന കവാടത്തിലേക്ക് നേരിട്ടെത്താൻ ഈ താത്കാലിക പാതയിൽ കൃത്യമായ ദിശാസൂചക ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്ര സുഗമമാക്കാൻ ഒരുക്കിയിരിക്കുന്ന താത്കാലിക ക്രമീകരണങ്ങളോട് യാത്രക്കാർ സഹകരിക്കണമെന്നും യാത്രയ്ക്കായി അല്പം കൂടുതൽ സമയം നീക്കിവെച്ച് ഇറങ്ങണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.
ദുബൈയുടെ പൊതുഗതാഗത രംഗത്തെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ ദുബൈ മെട്രോ ബ്ലൂ ലൈൻ 30 കിലോമീറ്റർ നീളത്തിലാണ് നിർമ്മിക്കുന്നത്. മൊത്തം 14 സ്റ്റേഷനുകളുള്ള ഈ പാതയിൽ മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകളും ഏഴ് എലവേറ്റഡ് സ്റ്റേഷനുകളും നാല് ഭൂഗർഭ സ്റ്റേഷനുകളുമുണ്ടാകും. 2029 സെപ്തംബർ 9-ഓടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ലക്ഷ്യമിടുന്ന ഈ വൻകിട പദ്ധതിക്ക് 2,050 കോടി ദിർഹമാണ് ബജറ്റ് വകയിരുത്തിയിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിലെ പ്രധാന ജനവാസ-വാണിജ്യ കേന്ദ്രങ്ങൾ തമ്മിലുള്ള യാത്രാ കണക്ടിവിറ്റി കൂടുതൽ ശക്തമാകും.
