ബ്രിക്സ് ഉച്ചകോടി: ഷീ ജിൻപിങ് ഡൽഹിയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ന്യൂഡൽഹിയിലെത്തി. ഒരു ദിവസത്തെ സന്ദർശനത്തിനായെത്തിയ അദ്ദേഹം വൈകീട്ട് 5:45-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്.
2020-ലെ ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത വിള്ളൽ വീണിരുന്നു. തുടർന്നുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനത്തെ വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അതിർത്തിയിലെ നിലവിലെ സാഹചര്യം, വ്യാപാരം, നിക്ഷേപം, വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളാകും.
ഇന്നും നാളെയുമായി ഡൽഹിയിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ എന്നിവരുൾപ്പെടെ പ്രമുഖ ആഗോള നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. വിപുലീകരിച്ച ബ്രിക്‌സ് കൂട്ടായ്മയുടെ സാമ്പത്തിക സഹകരണം, വ്യാപാരം, മറ്റ് ആഗോള വിഷയങ്ങൾ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട.
