ഹോർമുസിൽ കപ്പൽ ആക്രമിച്ചാൽ പാലങ്ങളും ഊർജനിലയങ്ങളും തകർക്കും; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. മിസൈൽ, റോക്കറ്റ്, ഡ്രോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ആയുധങ്ങൾ ഉപയോഗിച്ച് ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ വെടിയുതിർത്താൽ, ടെഹ്റാനിലോ സമീപപ്രദേശങ്ങളിലോ ഉള്ള പവർ പ്ലാന്റോ പാലമോ തകർക്കുമെന്ന് ട്രൂത്ത് സോഷ്യലിൽ കുറിച്ച സന്ദേശത്തിൽ ട്രംപ് വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനെതിരെ അമേരിക്ക തുടർച്ചയായി വ്യോമാക്രമണം നടത്തുന്നതിനിടെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. ആക്രമണം പുനരാരംഭിച്ചതിനുശേഷം കുറഞ്ഞത് 53 പേർ കൊല്ലപ്പെട്ടതായും, 11 ദിവസത്തിനിടയിൽ അറുന്നൂറോളം പേർക്ക് പരിക്കേറ്റതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ (IRNA) അറിയിച്ചു.
അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി, യു.എസ്. സൈനിക താവളങ്ങളുള്ള ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നിരന്തരം ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. അതിനിടെ, ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രത്തിന് നേരെയും ആക്രമണം നടത്താൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
