പ്രതിരോധം ശക്തമാക്കാൻ ബ്രിട്ടന്റെ ‘സ്‌കൈഹാമർ’ മിസൈലുകൾ ബഹ്റൈനിലേക്ക്
ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന ഡ്രോൺ ഭീഷണികളെ ചെറുക്കുന്നതിനായി അത്യാധുനിക 'സ്‌കൈഹാമർ' ഇന്റർസെപ്റ്റർ മിസൈലുകളും ലോഞ്ചറുകളും ബഹ്റൈനിലെത്തിക്കാൻ ബ്രിട്ടൻ ഒരുങ്ങുന്നു. ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നടന്ന പ്രതിരോധ സമ്മേളനത്തിൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ബഹ്റൈന് പുറമെ മറ്റ് ഗൾഫ് പങ്കാളികൾക്കും ബ്രിട്ടീഷ് സായുധ സേനയ്ക്കും ഈ സുരക്ഷാ സംവിധാനം ലഭ്യമാക്കും.
ബ്രിട്ടീഷ് സ്റ്റാർട്ടപ്പായ 'കേംബ്രിഡ്ജ് എയ്‌റോസ്‌പേസ്' വികസിപ്പിച്ചെടുത്ത സ്‌കൈഹാമർ മിസൈലുകൾ ഇറാന്റെ ഷാഹെദ് ഡ്രോണുകളെ തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. 30 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലുകൾ മണിക്കൂറിൽ 700 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. മിസൈലുകളുടെ ആദ്യ ബാച്ച് അടുത്ത മാസം മുതൽ കൈമാറി തുടങ്ങും.
ഫെബ്രുവരി അവസാനം മുതൽ മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ബഹ്റൈന്റെ വ്യോമ പ്രതിരോധത്തിന് ഇത് വലിയ കരുത്താകും. കരാറിന്റെ ഭാഗമായി സാങ്കേതിക സഹായവും പ്രത്യേക പരിശീലനവും ബ്രിട്ടൻ നൽകുന്നതാണ്. ഗൾഫ് രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രത്യേക ടാസ്‌ക് ഫോഴ്‌സിനും രൂപം നൽകിയിട്ടുണ്ട്.
