സൗദിയിൽ കെട്ടിട നിർമ്മാണച്ചെലവ് കുതിക്കുന്നു; ഏപ്രിലിൽ 2.4 ശതമാനം വർധന

  1. Home
  2. International

സൗദിയിൽ കെട്ടിട നിർമ്മാണച്ചെലവ് കുതിക്കുന്നു; ഏപ്രിലിൽ 2.4 ശതമാനം വർധന

saudi


സൗദി അറേബ്യയിൽ വീടുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിർമ്മാണച്ചെലവിൽ വൻ വർധനവ് രേഖപ്പെടുത്തുന്നതായി കണക്കുകൾ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ഏപ്രിലിൽ രാജ്യത്തെ ബിൽഡിങ് കോസ്റ്റ് ഇൻഡക്‌സിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. പാർപ്പിട മേഖലയിലെ നിർമ്മാണച്ചെലവിൽ 2.4 ശതമാനവും വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളുടെ നിർമ്മാണച്ചെലവിൽ 2.7 ശതമാനവും വർധനവുണ്ടായതാണ് ഈ പൊതുവിലക്കയറ്റത്തിന് പ്രധാന കാരണമായത്. തൊട്ട് മുൻമാസമായ മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ മാത്രം നിർമ്മാണച്ചെലവിൽ 0.5 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.

നിർമ്മാണ ഉപകരണങ്ങളുടെ വാടകയും തൊഴിലാളികളുടെ കൂലിയും ഉയർന്നതാണ് ഈ വിലക്കയറ്റത്തിന് പ്രധാനമായും വഴിതുറന്നത്. പാർപ്പിട മേഖലയിൽ യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും വാടകയിൽ 4.7 ശതമാനം വർധനവുണ്ടായപ്പോൾ, ഓപ്പറേറ്റർമാരുൾപ്പെടെയുള്ള യന്ത്രങ്ങളുടെ വാടക 6.3 ശതമാനമാണ് ഉയർന്നത്. ഇതുകൂടാതെ തൊഴിലാളികളുടെ കൂലിയിൽ 2.8 ശതമാനവും ഇന്ധന ഊർജ്ജ ചെലവുകളിൽ 3 ശതമാനവും വർധനവുണ്ടായി. കെട്ടിട നിർമ്മാണത്തിനുള്ള അടിസ്ഥാന സാമഗ്രികളുടെ വിലയിലും വലിയ മാറ്റങ്ങളുണ്ട്; മരപ്പണികൾക്കുള്ള സാധനങ്ങൾക്ക് 3.3 ശതമാനവും പ്ലാസ്റ്റിക്, ഗ്ലാസ് ഉൽപ്പന്നങ്ങൾക്ക് 2.1 ശതമാനവും വില കൂടി.

അതേസമയം, വാണിജ്യ കെട്ടിടങ്ങളുടെ മേഖലയിൽ യന്ത്രങ്ങളുടെ വാടകക്കൂലിയിൽ 6.7 ശതമാനത്തിന്റെ (ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ളവയ്ക്ക് 8.5 ശതമാനം) വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇവിടെ തൊഴിലാളികളുടെ കൂലിയിലും ഊർജ്ജ ആവശ്യങ്ങളിലും 3 ശതമാനം വീതം വർധനവ് ഉണ്ടായിട്ടുണ്ട്. വരും മാസങ്ങളിലും ഈ വിലക്കയറ്റ നിരക്ക് ഇതേപടി തുടർന്നാൽ അത് രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയെയും സാധാരണക്കാരുടെ ഭവന സ്വപ്നങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.