കുവൈത്തിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 11 പേർക്ക് പരിക്ക്
കുവൈത്ത് സിറ്റിയിൽ മലയാളി വനിതാ നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി അബ്ബാസിയയിലായിരുന്നു അപകടം. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് നഴ്സുമാർ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരിൽ ഒരാളുടെ കൈയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. മറ്റ് പത്ത് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. തോളിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഫർവാനിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരാണ് അപകടത്തിൽപ്പെട്ടത്.
