ദുബായിൽ നാലിടങ്ങളിൽ കൂടി 'ബസ് ഓൺ ഡിമാൻഡ്'; യാത്രക്കാരുടെ എണ്ണത്തിൽ 136 ശതമാനം വളർച്ചയെന്ന് ആർടിഎ
പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി ദുബായിലെ നാല് പ്രധാന മേഖലകളിലേക്ക് കൂടി 'ബസ് ഓൺ ഡിമാൻഡ്' (Bus on Demand) സർവീസ് വ്യാപിപ്പിച്ച് റോഡ് ഗതാഗത അതോറിറ്റി (RTA). അൽ ഖിസൈസ്, ജുമൈറ വില്ലേജ് സർക്കിൾ (JVC), അൽ വർഖ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP) എന്നിവിടങ്ങളിലാണ് പുതുതായി സർവീസ് ആരംഭിച്ചത്. ഇതോടെ നഗരത്തിൽ ഈ സേവനം ലഭ്യമാകുന്ന സ്ഥലങ്ങളുടെ എണ്ണം 17 ആയി വർധിച്ചു.
നിലവിൽ അൽ ബർഷ, അൽ നഹ്ദ, സിലിക്കൺ ഒയാസിസ്, ബിസിനസ് ബേ തുടങ്ങി 13 ഇടങ്ങളിലായിരുന്നു സർവീസ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ 136 ശതമാനത്തിന്റെ വൻ വളർച്ച രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ ആർടിഎ തീരുമാനിച്ചത്. ആകെ 49 മിനി ബസുകളാണ് ഈ പദ്ധതിക്കായി നിലവിൽ സർവീസ് നടത്തുന്നത്.
'ദുബായ് ബസ് ഓൺ ഡിമാൻഡ്' സ്മാർട്ട് ആപ്ലിക്കേഷൻ വഴി യാത്രക്കാർക്ക് തങ്ങൾക്കാവശ്യമായ പിക്കപ്പ്, ഡ്രോപ്പ് പോയിന്റുകൾ തിരഞ്ഞെടുത്ത് യാത്ര ബുക്ക് ചെയ്യാം. നിശ്ചിത റൂട്ടുകൾക്ക് പകരം യാത്രക്കാരുടെ ആവശ്യം അനുസരിച്ച് സർവീസ് നടത്തുന്നതിനാൽ കാത്തിരിപ്പ് സമയം കുറയ്ക്കാനും യാത്ര കൂടുതൽ സുഗമമാക്കാനും സാധിക്കും. താമസമേഖലകളെ പ്രധാന മെട്രോ, ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ പൊതുഗതാഗത ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുകയാണ് ആർടിഎ ലക്ഷ്യമിടുന്നത്.
