കുവൈത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബസ് സർവീസ്; കൊച്ചി ഉൾപ്പെടെ 6 ഇന്ത്യൻ നഗരങ്ങളിലേക്ക് ജസീറ വിമാനങ്ങൾ

  1. Home
  2. International

കുവൈത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബസ് സർവീസ്; കൊച്ചി ഉൾപ്പെടെ 6 ഇന്ത്യൻ നഗരങ്ങളിലേക്ക് ജസീറ വിമാനങ്ങൾ

jaseera


കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടതിനെത്തുടർന്ന് യാത്രാക്ലേശം അനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി ജസീറ എയർവേസ്. സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം വഴി കൊച്ചി ഉൾപ്പെടെയുള്ള ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് ജസീറ എയർവേസ് സർവീസ് പുനരാരംഭിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതിന് ശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള ആദ്യ യാത്രാ വിമാന ബന്ധമാണിത്.

കൊച്ചിക്ക് പുറമെ മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് നിലവിൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരെ കുവൈത്തിൽ നിന്ന് സൗദിയിലെ ഖൈസുമ വിമാനത്താവളത്തിലേക്ക് ബസ് മാർഗ്ഗം എത്തിക്കുകയും അവിടെ നിന്ന് വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. മടക്കയാത്രയും ഇതേ രീതിയിൽ തന്നെയായിരിക്കും. യാത്രക്കാർ കുവൈത്തിലെ മിഷ്‌രിഫ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിലെ എട്ടാം നമ്പർ ഹാളിലെത്തി ലഗേജ് ചെക്ക്-ഇൻ, ബോർഡിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

കുടുംബങ്ങളുമായി ഒന്നിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ വലിയ ആവശ്യം പരിഗണിച്ചാണ് ഈ നീക്കമെന്ന് ജസീറ എയർവേസ് സിഇഒ ഭരതൻ പശുപതി പറഞ്ഞു. ഫെബ്രുവരി 28 മുതൽ കുവൈത്ത് വ്യോമാതിർത്തി അടച്ചതോടെ ദുരിതത്തിലായ പ്രവാസികൾക്ക് ഈ തീരുമാനം വലിയ കൈത്താങ്ങാകുമെന്ന് ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി അഭിപ്രായപ്പെട്ടു. ജസീറ എയർവേസിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.