മദീനയിൽ ബസ് യാത്ര ഇനി കൂടുതൽ എളുപ്പം; ടിക്കറ്റുകൾ 'തവക്കൽനാ' ആപ്പ് വഴി ലഭ്യമാക്കി
മദീനയിലെ യാത്രക്കാർക്ക് ഇനിമുതൽ ബസ് ടിക്കറ്റുകൾ 'തവക്കൽനാ' (Tawakkalna) ആപ്പിലൂടെ ഡിജിറ്റലായി എടുക്കാം. 'മദീന ബസ്' ആണ് യാത്രക്കാർക്കായി ഈ പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. മദീന റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പൊതുഗതാഗത പദ്ധതികളിൽ ഒന്നാണിത്. പ്രദേശവാസികൾക്കും മദീനയിൽ എത്തുന്ന സന്ദർശകർക്കും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ലളിതമാക്കാനും യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുമാണ് ഈ ഡിജിറ്റൽ സംവിധാനം ലക്ഷ്യമിടുന്നത്.
മസ്ജിദുന്നബവി, അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ഹറമൈൻ ഹൈസ്പീഡ് റെയിൽവേ സ്റ്റേഷൻ, ഖുബാ മസ്ജിദ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് മദീന ബസ് സർവീസുകൾ നടത്തുന്നുണ്ട്. ഇതിനുപുറമെ നഗരത്തിലെ പ്രമുഖ ആരോഗ്യ, വിദ്യാഭ്യാസ, സേവന കേന്ദ്രങ്ങളിലേക്കും ബസ് സൗകര്യം ലഭ്യമാണ്.
നിലവിൽ 16 റൂട്ടുകളിലായി 476 സ്റ്റോപ്പുകളാണ് മദീന ബസ് ശൃംഖലയിലുള്ളത്. നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം റോഡുകളിലെ തിരക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാൻ ഈ പൊതുഗതാഗത സംവിധാനം സഹായകമാകുന്നു.
