തിരക്കേറിയ വിമാനത്താവളം: ഒന്നാം സ്ഥാനം നിലനിർത്തി ദുബൈ; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പ്

  1. Home
  2. International

തിരക്കേറിയ വിമാനത്താവളം: ഒന്നാം സ്ഥാനം നിലനിർത്തി ദുബൈ; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പ്

dxb


ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന ഖ്യാതി വീണ്ടും നിലനിർത്തി ദുബൈ ഇന്റർനാഷണൽ എയർപോർട്ട് (DXB). തുടർച്ചയായ വർഷങ്ങളിൽ കൈവരിച്ച ഈ നേട്ടം 2025-ലും ദുബൈ ആവർത്തിച്ചു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ വിമാനത്താവളം മൂന്നാം സ്ഥാനം കരസ്ഥമാക്കി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ദുബൈയുടെ അപ്രമാദിത്വം വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ.

2025-ൽ ഏകദേശം 95.2 ദശലക്ഷം യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോയത്. ആകെ യാത്രക്കാരുടെ എണ്ണത്തിൽ അറ്റ്‌ലാന്റ വിമാനത്താവളത്തിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ദുബൈ. ടോക്കിയോ ഹനേഡയാണ് ഈ പട്ടികയിൽ മൂന്നാമത്. 2024-ൽ 92.3 ദശലക്ഷം യാത്രക്കാരുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദുബൈ, മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ വളർച്ചയാണ് ഇത്തവണയും രേഖപ്പെടുത്തിയത്. ഏവിയേഷൻ രംഗത്തെ ദുബൈയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ സ്ഥിരതയാർന്ന പ്രകടനം.

എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (ACI) റിപ്പോർട്ട് പ്രകാരം 2025-ൽ ആഗോളതലത്തിൽ അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം 400 കോടിയായി ഉയർന്നു. 2024-നെ അപേക്ഷിച്ച് 5.9 ശതമാനത്തിന്റെ വർദ്ധനവാണിത്. ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ഇന്ധനവിലയിലുണ്ടായ കുറവ് വ്യോമയാന മേഖലയ്ക്ക് കരുത്തേകിയെന്ന് എ.സി.ഐ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ 170 രാജ്യങ്ങളിലെ 2100-ഓളം വിമാനത്താവളങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എ.സി.ഐ.