ഒട്ടകം വാഹനത്തിലിടിച്ച് അപകടം; സലാലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

  1. Home
  2. International

ഒട്ടകം വാഹനത്തിലിടിച്ച് അപകടം; സലാലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

salala


സലാല - മസ്‌കത്ത് റോഡിൽ തുംറൈത്തിന് സമീപം ഒട്ടകം വാഹനത്തിലിടിച്ച് ബംഗ്ലാദേശി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഫാത്തിക് ചാരി സ്വദേശികളായ ബൾക്കീസ് അക്തർ, മുഹമ്മദ് സാകിബുൽ ഹസൻ സോബുജ്, മുഹമ്മദ് ളിറാറുൽ ആലം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.

മസ്‌കത്തിൽ ഗോൾഡൻ വിസയിൽ താമസിക്കുന്ന ഈ കുടുംബം സലാല സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഉമ്മയും മകനും മകളുടെ ഭർത്താവുമാണ് മരിച്ചത്. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മകളെയും ഒരു കുട്ടിയെയും സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു കുട്ടി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തെത്തുടർന്ന് ബന്ധുക്കൾ സലാലയിൽ എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ നിലവിൽ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.