മസ്കത്തിൽ ക്യാമ്പിങ് സീസണിന് തുടക്കം; അനുമതിയില്ലാതെ ക്യാമ്പ് ചെയ്താൽ 350 റിയാൽ പിഴ
മസ്കത്ത് ഗവർണറേറ്റിൽ ക്യാമ്പിങ് സീസണിന് തുടക്കമായി. ക്യാമ്പിങ് നടത്തുന്നവർ പാലിക്കേണ്ട നിബന്ധനകളും ഫീസും പിഴകളും സംബന്ധിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 48 മണിക്കൂറിൽ കൂടുതൽ ക്യാമ്പ് ചെയ്യാൻ മുനിസിപ്പാലിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. പരമാവധി 100 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഒരു ക്യാമ്പിങ് സ്ഥലത്തിനാണ് അനുമതി ലഭിക്കുക. രണ്ടാഴ്ചത്തേക്കാണ് പെർമിറ്റ് അനുവദിക്കുക, ആവശ്യമെങ്കിൽ പുതുക്കാനും കഴിയും. ഒരു ചതുരശ്ര മീറ്ററിന് പ്രതിദിനം 50 ബൈസ വീതമാണ് ക്യാമ്പിങ് ഫീസ്. ഇതിന് പുറമെ 100 ബൈസ തിരികെ ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. ക്യാമ്പിങ് അവസാനിച്ച ശേഷം സ്ഥലം ചട്ടങ്ങൾ പാലിച്ച് വൃത്തിയാക്കിയിട്ടുണ്ടെന്ന് പരിശോധനയിൽ ഉറപ്പാക്കിയാൽ തുക തിരികെ ലഭിക്കും.
ക്യാമ്പുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം. ആകാശത്തേക്ക് ലേസർ ലൈറ്റുകളും മറ്റ് പ്രകാശ സംവിധാനങ്ങളും ഉപയോഗിക്കുന്നതിനും ശബ്ദമുണ്ടാക്കുന്ന ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കുണ്ട്. കോൺക്രീറ്റ് നിർമാണങ്ങൾ, മണ്ണ് കുഴിക്കൽ, പച്ചപ്പുള്ള സ്ഥലങ്ങളിൽ തീ കത്തിക്കൽ എന്നിവയും അനുവദിക്കില്ല. ചെടികളും പ്രകൃതിയും സംരക്ഷിക്കണമെന്നും നിർദേശമുണ്ട്.
മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സേവന പോർട്ടൽ വഴി ക്യാമ്പിങ് പെർമിറ്റിന് അപേക്ഷിക്കാം. അനുമതി ലഭിച്ചാൽ പെർമിറ്റ് ക്യാമ്പിങ് സ്ഥലത്ത് പ്രദർശിപ്പിക്കണം. ആവശ്യമായ അനുമതിയില്ലാതെ ക്യാമ്പ് ചെയ്താൽ 350 റിയാൽ പിഴ ചുമത്തും. മറ്റ് നിബന്ധനകൾ ലംഘിച്ചാൽ 50 റിയാലാണ് പിഴ. നിയമലംഘനം ചൂണ്ടിക്കാട്ടി നൽകിയ നിർദേശം 24 മണിക്കൂറിനുള്ളിൽ പാലിച്ചില്ലെങ്കിൽ ക്യാമ്പിങ് കേന്ദ്രം ബന്ധപ്പെട്ടവരുടെ ചെലവിൽ നീക്കം ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
