കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ജിദ്ദയിലെത്തി; ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമാകും

  1. Home
  2. International

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ജിദ്ദയിലെത്തി; ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമാകും

mark carney


കാനഡയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഔദ്യോഗിക സന്ദർശനത്തിനായി ജിദ്ദയിലെത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം രാജ്യത്തെത്തിയത്. കഴിഞ്ഞ 26 വർഷത്തിനിടെ ഒരു കനേഡിയൻ പ്രധാനമന്ത്രി സൗദി അറേബ്യയിൽ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.

ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് ഉന്നതതലത്തിലുള്ള ഊഷ്മള സ്വീകരണമാണ് രാജ്യം ഒരുക്കിയത്. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ്, സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദ്ആൻ എന്നിവർ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. കാനഡയിലെ സൗദി അംബാസഡർ അമൽ ബിന്ത് യഹ്യ അൽ മൗലമി, സൗദിയിലെ കനേഡിയൻ അംബാസഡർ ജീൻ ഫിലിപ്പ് ലിന്റോ എന്നിവരും സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുൻ ഗവർണറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ മാർക്ക് കാർണിയുടെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയൊരു സാമ്പത്തിക അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദിയുടെ ‘വിഷൻ 2030’ പദ്ധതികളുടെ ഭാഗമായുള്ള ഹരിത ഊർജ്ജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഖനനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ കനേഡിയൻ നിക്ഷേപം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സന്ദർശന വേളയിൽ വിപുലമായ ചർച്ചകൾ നടക്കും.

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾക്ക് പുറമെ ആഗോള സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാനം, പശ്ചിമേഷ്യൻ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയും പ്രധാന ചർച്ചാവിഷയങ്ങളാകും. ജിദ്ദയിൽ നടക്കുന്ന കാനഡ-സൗദി ബിസിനസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള വ്യാപാരം സജീവമാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറുകളിൽ ഈ സന്ദർശനത്തോടെ ഒപ്പുവെച്ചേക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന.