'അർബുദം വ്യാപിച്ചിട്ടില്ല'; ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് തുടർചികിത്സ ആവശ്യമില്ലെന്ന് ഡോക്ടർമാർ
ഇക്കഴിഞ്ഞ ആഴ്ച ശ്വാസകോശ അർബുദത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് തുടർചികിത്സ ആവശ്യമില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ നടന്ന 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ വലതു ശ്വാസകോശത്തിലെ അർബുദ മുഴ പൂർണ്ണമായും നീക്കം ചെയ്തിരുന്നു. രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് കൂടുതൽ ചികിത്സകൾ ഒഴിവാക്കിയത്.
മാർപാപ്പയുടെ പേഴ്സണൽ ഫിസിഷ്യൻ ഡോ. ലുയിജി കാർബോണും സർജൻ ഡോ. സ്റ്റെഫാനോ മാർഗരിറ്റോറയും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്വാസകോശാർബുദ കേസുകളിൽ സാധാരണയായി കാണപ്പെടുന്ന 'അഡിനോകാർസിനോമ'യാണ് മാർപാപ്പയ്ക്ക് സ്ഥിരീകരിച്ചിരുന്നത്.
ശസ്ത്രക്രിയയ്ക്കിടെ നീക്കം ചെയ്ത ടിഷ്യുവിൽ നടത്തിയ പരിശോധനയിലും രോഗം പടർന്നിട്ടില്ലെന്ന് വ്യക്തമായി. ക്യാൻസർ പൂർണ്ണമായി നീക്കം ചെയ്തതായും ലിംഫ് നോഡുകളിലേക്ക് രോഗം വ്യാപിക്കാത്തതിനാൽ തുടർ ഓങ്കോളജി ചികിത്സകളുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് നാലുദിവസത്തിനുള്ളിൽ മാർപാപ്പ ആശുപത്രി വിട്ടിരുന്നു.
