ഭിന്നശേഷിക്കാർക്ക് കരുതൽ; ദോഹ മെട്രോയിൽ 'സൺഫ്ലവർ' പദ്ധതിക്ക് തുടക്കം

  1. Home
  2. International

ഭിന്നശേഷിക്കാർക്ക് കരുതൽ; ദോഹ മെട്രോയിൽ 'സൺഫ്ലവർ' പദ്ധതിക്ക് തുടക്കം

sunflower


പൊതുഗതാഗത സംവിധാനങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രാപ്യമാക്കുന്നതിന്റെ ഭാഗമായി ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും 'സൺഫ്ലവർ' പദ്ധതിക്ക് തുടക്കമായി. കാഴ്ചയിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന യാത്രക്കാരെ സഹായിക്കുന്നതിനാണ് ഈ ആഗോള പദ്ധതി ഖത്തർ റെയിൽ നടപ്പിലാക്കുന്നത്. ഭിന്നശേഷി യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓട്ടിസം, കാഴ്ചാപരിമിതി, കേൾവിക്കുറവ്, വിട്ടുമാറാത്ത വേദന തുടങ്ങി പുറമെ കണ്ടാൽ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്ത വെല്ലുവിളികൾ നേരിടുന്നവർക്ക് മെട്രോ ജീവനക്കാരുടെ പ്രത്യേക സഹായം ആവശ്യമുണ്ടെന്ന് അറിയിക്കാൻ ഈ പദ്ധതി ഉപകരിക്കും. ഇത്തരം യാത്രക്കാർക്ക് സൺഫ്ലവർ ചിഹ്നമുള്ള ബാഡ്ജുകൾ അല്ലെങ്കിൽ ലാനിയാർഡുകൾ ധരിക്കാം. ഇത് കാണുന്നതിലൂടെ യാത്രക്കാരന് പ്രത്യേക പരിഗണനയോ സഹായമോ ആവശ്യമാണെന്ന് ജീവനക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.

പദ്ധതിയുടെ ഭാഗമായി മെട്രോ, ട്രാം ജീവനക്കാർക്ക് യാത്രക്കാരെ എങ്ങനെ സഹായിക്കണം എന്നതിനെക്കുറിച്ച് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. നേരത്തെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട സൺഫ്ലവർ പ്രോഗ്രാം നടപ്പാക്കുന്നതിലൂടെ ഖത്തറിലെ പൊതുഗതാഗത സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. എല്ലാ വിഭാഗം യാത്രക്കാർക്കും ആത്മവിശ്വാസത്തോടെയും സൗഹൃദാന്തരീക്ഷത്തിലും യാത്ര ചെയ്യാനുള്ള സാഹചര്യം ഇത് ഉറപ്പാക്കും.