യു.എ.ഇ - ഒമാൻ ചരക്കുനീക്കം കൂടുതൽ സുഗമമാകും; ഒമാനിൽ നിന്നുള്ള ട്രക്കുകൾക്ക് ടോൾ ഒഴിവാക്കി ഷാർജ

  1. Home
  2. International

യു.എ.ഇ - ഒമാൻ ചരക്കുനീക്കം കൂടുതൽ സുഗമമാകും; ഒമാനിൽ നിന്നുള്ള ട്രക്കുകൾക്ക് ടോൾ ഒഴിവാക്കി ഷാർജ

uae -oman


ഒമാനും യു.എ.ഇയും തമ്മിലുള്ള ചരക്കുനീക്കം കൂടുതൽ ശക്തമാക്കാനും ഉഭയകക്ഷി വ്യാപാര രംഗത്തിന് വൻ കരുത്തുപകരാനുമായി സുപ്രധാന ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ ഭരണകൂടം. ഒമാനിൽ നിന്ന് പ്രധാന അതിർത്തി കവാടങ്ങൾ വഴി ഷാർജയിലേക്ക് എത്തുന്ന ചരക്കുലോറികൾക്ക് ടോൾ ഗേറ്റ് ഫീസ് പൂർണ്ണമായും ഒഴിവാക്കാനാണ് ഷാർജയുടെ പുതിയ തീരുമാനം. ആഗോള-മേഖലാ തലങ്ങളിൽ യു.എ.ഇയുടെ സാമ്പത്തിക മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും വിതരണ ശൃംഖലകൾ കൂടുതൽ സുഗമമാക്കുന്നതിനുമാണ് ഈ വലിയ ലോജിസ്റ്റിക്സ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഷാർജ പോർട്ട്‌സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റിയും ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും സംയുക്തമായാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇതനുസരിച്ച് ഒമാനിൽ നിന്നുള്ള ഖത്‌മത് മലാഹ, അൽ മദാം അതിർത്തി കവാടങ്ങൾ വഴി ഷാർജയിലെ അംഗീകൃത ലോജിസ്റ്റിക് കോറിഡോറിലേക്ക് പ്രവേശിക്കുന്ന ചരക്കുവാഹനങ്ങൾക്ക് ഇനി മുതൽ യാതൊരുവിധ ടോൾ ഫീസും നൽകേണ്ടതില്ല. ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുന്ന ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്സ് കമ്പനികളുടെ പ്രവർത്തന ചെലവ് ഗണ്യമായി കുറയ്ക്കാനും ഉപഭോക്തൃ ഉൽപ്പന്നങ്ങൾ അതിവേഗത്തിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ എത്തിക്കാനും ഈ പുതിയ തീരുമാനം സഹായിക്കും.

അതിർത്തികളിലെ കാത്തുനിൽപ്പ് സമയം കുറയും

ഒമാനിലെ സുഹാർ തുറമുഖത്തുനിന്ന് വെറും 70 കിലോമീറ്റർ മാത്രം അകലെയുള്ള ഖത്‌മത് മലാഹ അതിർത്തി വഴി അതിവേഗത്തിൽ യു.എ.ഇയിലെ ഫ്രീ സോണുകളിലേക്കും പ്രധാന വ്യവസായ കേന്ദ്രങ്ങളിലേക്കും ചരക്കെത്തിക്കാൻ പുതിയ ഇളവ് വലിയ തോതിൽ ഉപകരിക്കും. ഒമാനിലെ ബുറൈമി ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്ന അൽ മദാം അതിർത്തി വഴിയുള്ള ഇറക്കുമതി, കയറ്റുമതി, റീ-എക്‌സ്‌പോർട്ട് പ്രക്രിയകളും പുതിയ ടോൾ ഇളവിലൂടെ കൂടുതൽ സജീവമാകും.

ടോൾ ഇളവിന് പുറമെ, പുതിയ ലോജിസ്റ്റിക് കോറിഡോർ പദ്ധതിക്ക് കീഴിൽ കസ്റ്റംസ് പരിശോധനകളും അതിർത്തി ക്ലിയറൻസ് നടപടികളും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ അതിവേഗത്തിലാക്കാനും ഷാർജ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇത് അതിർത്തികളിലെ ലോറികളുടെ കാത്തുനിൽപ്പ് സമയം വലിയ തോതിൽ കുറയ്ക്കുമെന്നതിനാൽ കച്ചവടക്കാർക്കും ട്രക്ക് ഡ്രൈവർമാർക്കും ഒരേപോലെ വലിയ ആശ്വാസമാകും.