ബാങ്കോക്കിൽ ചരക്കുതീവണ്ടി ബസിലിടിച്ച് വൻ ദുരന്തം; 8 മരണം, 25 പേർക്ക് പരിക്ക്

  1. Home
  2. International

ബാങ്കോക്കിൽ ചരക്കുതീവണ്ടി ബസിലിടിച്ച് വൻ ദുരന്തം; 8 മരണം, 25 പേർക്ക് പരിക്ക്

bangkok


തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ പർവ്വതാരോഹകരെയും അന്താരാഷ്ട്ര സമൂഹത്തെയും ഞെട്ടിച്ചുകൊണ്ട് വൻ ട്രെയിൻ അപകടം. ശനിയാഴ്ച വൈകുന്നേരമുണ്ടായ ദരുണമായ അപകടത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും ഇരുപത്തിയഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3:40 ഓടെ മക്കസൻ എയർപോർട്ട് റെയിൽ ലിങ്ക് സ്റ്റേഷന് സമീപമുള്ള അസോക്-ദിൻ ഡേങ് റോഡിലെ റെയിൽവേ ക്രോസിലാണ് അപകടം നടന്നത്.

അപകടസമയത്ത് കനത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് നിരവധി വാഹനങ്ങൾ റെയിൽവേ ഗേറ്റിന് സമീപം നിർത്തിയിരിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെയാണ് അതിവേഗത്തിൽ പാഞ്ഞെത്തിയ ചരക്കു തീവണ്ടി ട്രാക്കിലേക്ക് മുൻവശം കയറിനിന്നിരുന്ന ഓറഞ്ച് നിറത്തിലുള്ള വലിയ ബസിലേക്ക് അതിശക്തമായി ഇടിച്ചുകയറിയത്. ഇടിയുടെ കനത്ത ആഘാതത്തിൽ ബസിനൊപ്പം സമീപത്തുണ്ടായിരുന്ന ചില വാഹനങ്ങളും റെയിൽവേ ട്രാക്കിലൂടെ ദൂരേക്ക് വലിച്ചിഴക്കപ്പെട്ടു.

നിയന്ത്രണം വിട്ട ബസ് സമീപത്തെ എക്സ്പ്രസ് വേയുടെ വലിയ കോൺക്രീറ്റ് തൂണിലേക്ക് ഇടിച്ചുകയറുകയും തൊട്ടുപിന്നാലെ ബസിന് മാരകമായി തീപിടിക്കുകയുമായിരുന്നു. ഈ സമയം റെയിൽവേ ക്രോസിന് സമീപം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു കിടന്നിരുന്ന ചില സ്വകാര്യ കാറുകളിലേക്കും മോട്ടോർ സൈക്കിളുകളിലേക്കും നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ചു. കനത്ത പുകപടലങ്ങൾ ഉയർന്നതോടെ പ്രദേശമാകെ പരിഭ്രാന്തിയിലായി.

തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഇതിന് ശേഷമാണ് ബസിനകത്ത് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനം ആരംഭിക്കാനായത്. അപകടത്തിൽ മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ പൂർണ്ണമായും കത്തിനശിച്ച ബസിനകത്തുനിന്നാണ് കണ്ടെടുത്തതെന്ന് രക്ഷാപ്രവർത്തകർ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ബാങ്കോക്കിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് തായ്‌ലൻഡ് ഗതാഗത മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.