സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പ്രത്യേക പരീക്ഷ: മിഡിൽ ഈസ്റ്റിലെ വിദ്യാർഥികൾക്കുള്ള അപേക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള പ്രത്യേക പരീക്ഷയുടെ അപേക്ഷാ മാർഗനിർദേശങ്ങൾ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് (CBSE) പുറപ്പെടുവിച്ചു. യു.എ.ഇ, ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഏഴ് രാജ്യങ്ങളിലെ വിദ്യാർഥികൾക്കാണ് പരീക്ഷ എഴുതാൻ അവസരം. സെപ്റ്റംബർ 22 മുതൽ കാൻഡിഡേറ്റ് ലിസ്റ്റ് പൂരിപ്പിച്ചു നൽകാം. സെപ്റ്റംബർ 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. സമയപരിധി നീട്ടിനൽകില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തിൽ റദ്ദാക്കിയ പരീക്ഷകൾക്ക് പകരമായാണ് സുപ്രീം കോടതി ഉത്തരവിൻപ്രകാരം ഈ പ്രത്യേക പരീക്ഷ സംഘടിപ്പിക്കുന്നത്. മുമ്പ് നടപ്പിലാക്കിയ 'സ്പെഷൽ അസസ്മെൻ്റ് സ്കീം' വഴി ലഭിച്ച മാർക്കിൽ തൃപ്തരല്ലാത്ത റഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് സ്കോർ മെച്ചപ്പെടുത്താൻ ഈ അവസരം പ്രയോജനപ്പെടുത്താം. പരീക്ഷ നടത്താൻ കഴിയാതിരുന്ന 40 വിഷയങ്ങളിൽ നിന്നാണ് വിദ്യാർഥികൾക്ക് ആവശ്യമുള്ളവ തിരഞ്ഞെടുക്കാൻ സാധിക്കുക.
അപേക്ഷകർ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.cbse.nic.in) വഴി 'Special Exam' ലിങ്കിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം. പ്രധാന പരീക്ഷയുടെ അഡ്മിറ്റ് കാർഡിലെ റോൾ നമ്പർ, സെന്റർ നമ്പർ, മാതാവിന്റെ പേര്, പരീക്ഷാ വർഷം (2026), ഇ-മെയിൽ വിലാസം എന്നിവ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. മുമ്പ് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെയായിരിക്കും പരീക്ഷകൾ നടക്കുക. പ്രത്യേക പരീക്ഷയിൽ ലഭിക്കുന്ന പുതിയ മാർക്കായിരിക്കും അന്തിമമായി കണക്കാക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ദുബായിലെ സി.ബി.എസ്.ഇ റീജ്യനൽ ഡയറക്ടർ പ്രൊഫ. ഡോ. റാം ശങ്കർ അറിയിച്ചു.
