ഇറാനുമായുള്ള വെടിനിര്‍ത്തല്‍ തുടരുന്നു; പുതിയ കരാറിന് സമയമായെന്ന് ഡോണള്‍ഡ് ട്രംപ്

  1. Home
  2. International

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ തുടരുന്നു; പുതിയ കരാറിന് സമയമായെന്ന് ഡോണള്‍ഡ് ട്രംപ്

  trump 


ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ മാറ്റമില്ലാതെ തുടരുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ എത്രയും വേഗം ഒരു പുതിയ കരാറിലെത്തണമെന്നും തന്നേക്കാൾ കൂടുതൽ ഈ കരാർ ആഗ്രഹിക്കുന്നത് ഇറാൻ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണങ്ങളെ അതിജീവിച്ച് അമേരിക്കയുടെ മൂന്ന് പടക്കപ്പലുകൾക്ക് തന്ത്രപ്രധാന കേന്ദ്രം മറികടക്കാൻ കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.

അമേരിക്ക നിലവിൽ ഒരു ഊർജ്ജ പ്രതിസന്ധിയും നേരിടുന്നില്ലെന്നും ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു. അതേസമയം, തങ്ങളുടെ എണ്ണക്കപ്പൽ ആക്രമിച്ച യുഎസ് പടക്കപ്പലുകൾക്ക് നേരെ ശക്തമായ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇതിനിടെ, ഹോർമുസ് പ്രതിസന്ധിയിൽ രക്ഷാസമിതിക്ക് മുന്നിൽ അമേരിക്ക കൊണ്ടുവന്ന ഇറാൻ വിരുദ്ധ പ്രമേയത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. റഷ്യയും ചൈനയും വീറ്റോ ചെയ്യുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.

പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷത്തിന് ശേഷം വിമാനങ്ങൾ, ഇന്ധന ഡിപ്പോകൾ, റഡാർ സംവിധാനങ്ങൾ ഉൾപ്പെടെ അമേരിക്കയുടെ ഏകദേശം 228 സൈനിക ആസ്തികൾ ഇറാൻ തകർക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തിട്ടുണ്ട്. 15 യുഎസ് സൈനിക താവളങ്ങളിലായി ഏകദേശം 217 കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഖത്തറിലെ അൽ-ഉദൈദ് എയർബേസ്, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയും ഇറാന്റെ കൃത്യതയാർന്ന ആക്രമണത്തിന് ഇരയായതായി വിദഗ്ധർ വിലയിരുത്തുന്നു.