പാസ്‌പോർട്ട്-വിസ സേവന കരാർ റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ; ഹർജി തിങ്കളാഴ്ച പരിഗണിക്കും
യുഎഇ, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവന കരാറുകൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്രത്തിന്റെ അപ്പീൽ ഹർജി വരും തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
യുഎഇ, കുവൈത്ത് എന്നിവയ്ക്ക് പുറമേ ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെയും പുതിയ കമ്പനികൾക്കുള്ള പാസ്‌പോർട്ട്-വിസ ഔട്ട്‌സോഴ്‌സിങ് സേവന കരാറുകളാണ് ഡൽഹി ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്. ടെണ്ടർ നടപടികൾ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. കൂടാതെ, ഒരു മാസത്തിനകം പുതിയ പ്രൊപ്പോസൽ (RFP) വിളിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
പുതിയ കരാർ പ്രകാരം യുഎഇയിൽ 'അൽ ഹിന്ദ്' ഗ്രൂപ്പിനും കുവൈത്തിൽ 'ഡു ഡിജിറ്റൽ' (Du Digital) എന്ന കമ്പനിക്കുമായിരുന്നു സേവന ചുമതല ലഭിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി വിധി വന്നതോടെ ഈ രാജ്യങ്ങളിലെ കോൺസുലാർ സേവനങ്ങളുടെ തുടർനടപടികളിൽ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചത്.
