ദുബൈയിലെ സ്കൂൾ സമയത്തിൽ മാറ്റം; വെള്ളിയാഴ്ചകളിൽ 11.30 വരെ മാത്രം
ദുബൈയിലെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിലെ അധ്യയന സമയം രാവിലെ 11.30 വരെയാക്കി ചുരുക്കി. ജനുവരി ഒൻപത് മുതലാണ് പുതിയ മാറ്റം നിലവിൽ വരുന്നത്. യുഎഇയിൽ ജുമുഅ ഖുതുബയുടെ സമയം മാറുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ (KHDA) ഈ തീരുമാനം എടുത്തത്. പുതിയ ക്രമീകരണമനുസരിച്ച് വെള്ളിയാഴ്ചകളിൽ 11.30-ഓടെ അധ്യയനം അവസാനിക്കും.
ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനത്തിന് അനുമതി തേടാവുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി. രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മുൻകൂർ സമ്മതത്തോടെയായിരിക്കണം ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത്. ജനുവരി രണ്ട് മുതലാണ് രാജ്യത്ത് ജുമുഅ ഖുതുബ സമയം ഉച്ചയ്ക്ക് 1.15-ൽ നിന്ന് 12.45-ലേക്ക് മാറുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള മറ്റു ദിവസങ്ങളിൽ സ്കൂൾ സമയത്തിൽ മാറ്റമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
