ദുബൈയിൽ ബസ് റൂട്ടുകളിൽ മാറ്റം; നവംബർ 20 മുതൽ പുതിയ ക്രമീകരണങ്ങൾ!

  1. Home
  2. International

ദുബൈയിൽ ബസ് റൂട്ടുകളിൽ മാറ്റം; നവംബർ 20 മുതൽ പുതിയ ക്രമീകരണങ്ങൾ!

Dubai bus


ദുബൈയിൽ ബസ് യാത്രക്കാർ ശ്രദ്ധിക്കുക! നവംബർ 20 മുതൽ വിവിധ ബസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുന്നു. റൂട്ടുകൾ നീട്ടുക, കണക്ഷനുകൾ പരിഷ്കരിക്കുക, ചില ഭാഗങ്ങളിലെ സർവീസുകൾ റദ്ദാക്കുക തുടങ്ങിയ ക്രമീകരണങ്ങളാണ് നടപ്പിലാക്കുന്നത്. ജബൽ അലി, അൽ വാസൽ, അൽ ഖൂസ്, അൽ ഗുബൈബ, ലെഹ്ബാബ്, ദുബൈ വേൾഡ് സെൻട്രൽ തുടങ്ങിയ മേഖലകളിലാണ് പ്രധാന മാറ്റങ്ങൾ.

ജബല്‍ അലി, ജാഫ്‌സ - കടല്‍തീര ഭാഗത്തുള്ള ലൈഫ് ഫാര്‍മസി ബസ് സ്റ്റോപ്പിലേക്ക് സര്‍വീസ് നടത്തുന്ന എഫ്54, 99 എന്നീ റൂട്ടുകളില്‍ മാറ്റമുണ്ടാകും. ഈ ഭാഗത്തേക്കുള്ള സര്‍വീസ് റദ്ദാക്കും. പകരം ഈ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് റൂട്ട് 99 ആശ്രയിക്കാവുന്നതാണ്. അല്‍ വാസല്‍, അല്‍ ഖൂസ് - അല്‍ ഖൂസ് ബസ് സ്റ്റേഷനില്‍ നിന്ന് അല്‍ വാസല്‍ റോഡ് വഴി ഇക്വിറ്റി മെട്രോ ബസ് സ്റ്റോപ്പിലേക്കുള്ള ഭാഗം റദ്ദാക്കി. പകരം യാത്രക്കാര്‍ക്ക് റൂട്ട് 93, എ29 എന്നിവ ഉപയോഗിക്കാം. ഇക്വിറ്റി മെട്രോ ബസ് സ്റ്റോപ്പിലേക്കുള്ള പുതുക്കിയ സര്‍വീസ് അല്‍ മനാറ സ്ട്രീറ്റ്, ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ്, ഫോര്‍ത്ത് സ്ട്രീറ്റ് എന്നിവ വഴിയായിരിക്കും. അല്‍ ഗുബൈബ, അല്‍ ഫഖ - ശൈഖ് ഖലീഫ ബിന്‍ സയീദ് അല്‍ മക്തൂം മസ്ജിദിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി റൂട്ട് 66 ഇരുവശങ്ങളിലേക്കും നീട്ടിയിട്ടുണ്ട്.

ദുബൈ-ഹത്ത റോഡ്, ലെഹ്ബാബ് - റൂട്ട് 68-ല്‍ ദുബൈ-ഹത്ത റോഡിലുടനീളം കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കും. ഇത് യാത്രക്കാര്‍ക്ക് റൂട്ട് ഇ16ലേക്ക് മാറിക്കയറാന്‍ സൗകര്യമൊരുക്കും. അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ- ഗാര്‍മിന്‍ ബസ് ടെര്‍മിനസില്‍ നിന്ന് പുറപ്പെടുമ്പോള്‍ റൂട്ട് എഫ്16 ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റിന് പകരം ഷെയ്ഖ് സായിദ് സര്‍വീസ് റോഡ് വഴി തിരിച്ചുവിടും. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ - ഈ മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് റൂട്ട് ദുബായ് വേള്‍ഡ് സെന്‍ട്രല്‍ ഫ്രൈറ്റ് ഹൗസ് വരെ നീട്ടി.

യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും പ്രധാന മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമാണ് ദുബൈ ആർടിഎയുടെ പുതിയ ക്രമീകരണങ്ങൾ. യാത്ര പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ഷൈൽ ആപ്പിൽ പുതുക്കിയ റൂട്ടുകളും സമയക്രമവും പരിശോധിക്കണമെന്ന് ആർ.ടി.എ നിർദേശിച്ചു.