കുട്ടികളുടെ യാത്ര സുരക്ഷിതമാക്കണം; കർശന നിർദ്ദേശങ്ങളുമായി അബുദാബി അതോറിറ്റി

  1. Home
  2. International

കുട്ടികളുടെ യാത്ര സുരക്ഷിതമാക്കണം; കർശന നിർദ്ദേശങ്ങളുമായി അബുദാബി അതോറിറ്റി

child safety


വാഹനയാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തണുത്ത കാലാവസ്ഥയിൽ വാഹനങ്ങളുടെ വിൻഡോകളിലൂടെയോ റൂഫ് ടോപ്പിലൂടെയോ കുട്ടികൾ ശരീരം പുറത്തേക്കിടുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. വാഹനം പെട്ടെന്ന് ബ്രേക്ക് ഇടുമ്പോഴോ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുമ്പോഴോ ഇത്തരം പ്രവൃത്തികൾ വലിയ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാം.

കുട്ടികളുടെ പ്രായത്തിനും വലുപ്പത്തിനുമനുസരിച്ചുള്ള കാർ സീറ്റുകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു. ശരിയായ കാർ സീറ്റുകൾ ഉപയോഗിക്കുന്നത് അപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കാനുള്ള സാധ്യത 50 മുതൽ 75 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. യു.എ.ഇ റോഡ് സുരക്ഷാ നിയമപ്രകാരം എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. തിരക്കേറിയ പാർക്കുകളിലും പൊതുവിടങ്ങളിലും കുട്ടികളുടെ കൈകളിൽ പിടിക്കണമെന്നും അവരെ കൃത്യമായി നിരീക്ഷിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

സ്കൂൾ ബസുകളിൽ നിശ്ചിത സീറ്റുകളിൽ ഇരുന്ന് എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാനും ആവശ്യമായ ഘട്ടങ്ങളിൽ വിശ്രമം എടുക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം.