ബാഗേജ് നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം, അടിയന്തര സാഹചര്യത്തിൽ 'സൗജന്യ' യാത്ര; ട്രാവൽ കവറുമായി എമിറേറ്റ്‌സ്
യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ‘കോംപ്രിഹെൻസീവ് ട്രാവൽ കവർ’ എമിറേറ്റ്‌സ് എയർലൈൻ അവതരിപ്പിച്ചു. ലോകത്താദ്യമായാണ് ഒരു എയർലൈൻ യുദ്ധവും സംഘർഷങ്ങളും മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഇത്തരം സാഹചര്യങ്ങളിലുണ്ടാകുന്ന മെഡിക്കൽ ചെലവുകൾക്കായി 25,000 ഡോളർ വരെ ഈ പദ്ധതിയിലൂടെ തിരികെ ലഭിക്കും.
വ്യോമപാത അടയ്ക്കുകയോ വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്താൽ കണക്ഷൻ ഫ്ലൈറ്റുകൾ സൗജന്യമായി ക്രമീകരിച്ചു നൽകാനും യാത്രക്കാർക്ക് താമസസൗകര്യം ഉറപ്പാക്കാനും എമിറേറ്റ്‌സ് തയാറാകും. യാത്ര 30 ദിവസം വരെ നീട്ടേണ്ടി വന്നാൽ അതിനുള്ള സൗകര്യവും ഇതിലുണ്ട്. ബാഗേജ് നഷ്ടപ്പെടുകയോ വൈകുകയോ ചെയ്താൽ ലഭിക്കുന്ന നഷ്ടപരിഹാരം, പരിധിയില്ലാത്ത മെഡിക്കൽ ചെലവുകൾ, അടിയന്തര സാഹചര്യത്തിൽ നാട്ടിലെത്തിക്കാനുള്ള ചെലവുകൾ എന്നിവയും ഇൻഷുറൻസിന്റെ പരിധിയിൽ വരും.
യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴോ എമിറേറ്റ്‌സ് വെബ്സൈറ്റിലെ 'മാനേജ് ബുക്കിങ്' വഴിയോ ഈ ഇൻഷുറൻസ് തിരഞ്ഞെടുക്കാവുന്നതാണ്. യാത്രക്കാരുടെ സുരക്ഷയും ആവശ്യങ്ങളും മുൻനിർത്തിയാണ് പുതിയ പരിഷ്കാരമെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് സർ ടിം ക്ലാർക്ക് വ്യക്തമാക്കി.
